'ഇനി ഒരു മരണം താങ്ങാനാവില്ല, നാട്ടുകാര്‍ക്ക് വേണ്ടി ഞാന്‍ മരിക്കാം'; രോഷത്തോടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ( വീഡിയോ) 

ദേശീയ പാതയുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ചില്ലായെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍
'ഇനി ഒരു മരണം താങ്ങാനാവില്ല, നാട്ടുകാര്‍ക്ക് വേണ്ടി ഞാന്‍ മരിക്കാം'; രോഷത്തോടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ( വീഡിയോ) 

കാസര്‍കോട്:  ദേശീയ പാതയുടെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ചില്ലായെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഇതിന്റെ ആദ്യപടിയായി 20ന് 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും. അതിന് ശേഷവും പ്രശ്‌നപരിഹാരത്തിന് ദേശീയ പാത അതോറിറ്റി നടപടി സ്വീകരിച്ചില്ലായെങ്കില്‍ മരണം വരെ നിരാഹാരം കടക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

കാസര്‍കോട് ഭാഗത്ത് ദേശീയപാതയില്‍ കുണ്ടും കുഴിയും നിറഞ്ഞ് ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.  ദേശീയ പാത അതോറിറ്റിക്ക് ആവശ്യമായ പണം, കാറുകള്‍ വാങ്ങുന്നവരില്‍ നിന്ന് വാങ്ങി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തുന്നുണ്ട്. ഇഷ്ടം പോലെ പണം ദേശീയ പാത അതോറിറ്റിയുടെ കയ്യിലുണ്ട്. യഥാവിധി ഉപയോഗിച്ച് ദേശീയപാതയിലെ കുണ്ടും കുഴിയും പരിഹരിക്കണമെന്ന് പാര്‍ലമെന്റംഗം ആവശ്യപ്പെട്ടിട്ട് പോലും വേണ്ട നടപടികള്‍ സ്വീകരിക്കാതെ അധികൃതര്‍ പറ്റിക്കുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിക്കുന്നു.

'മനുഷ്യന്റെ ജീവന് ഒരു വിലയും കല്‍പ്പിക്കുന്നില്ല. മംഗലാപുരം ലക്ഷ്യമാക്കി നീങ്ങുന്ന ആംബുലന്‍സുകള്‍ പോലും ഒച്ചിന്റെ വേഗതയിലാണ് നീങ്ങുന്നത്. ഇതിന് ഉടന്‍ പരിഹാരം കാണണം. ജനങ്ങള്‍ എന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കളഞ്ഞുകുളിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇനി ഒരാള്‍ മരിച്ചുവീഴുന്നതിനേക്കാള്‍ നല്ലത്, നിങ്ങളുടെ ജനപ്രതിനിധിയായ ഞാന്‍ നിരാഹാരം കടന്ന് മരിക്കുന്നതാണ്. 20ന് നടക്കുന്നത് ഒരു സൂചന സമരമാണ്. ഇതിലും പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാരം സമരം നടത്തി നാട്ടുകാര്‍ക്ക് വേണ്ടി എന്റെ ജീവന്‍ അവസാനിപ്പിക്കും' - രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

തലപ്പാടി മുതല്‍ കാസര്‍കോട് വരെയും നീലേശ്വരം മുതല്‍ കാലിക്കടവ് വരെയുമുളള ദേശീയപാതയിലെ അറ്റകുറ്റപ്പണി നടത്തിയേ മതിയാവൂ. ഇത് ജനങ്ങളുടെ അവകാശമാണ്. ഇനി ഒരു മരണം താങ്ങാനാവില്ല. ജനങ്ങളുടെ പരാതി കേട്ട് മനസ്സ് മരവിച്ചു. ഇനിയും ജനങ്ങളില്‍ തനിക്കുളള വിശ്വാസം കളഞ്ഞുകുളിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഉടന്‍ ദേശീയപാത അതോറിറ്റിയെ കൊണ്ട് അറ്റക്കുറ്റപ്പണി ചെയ്യിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.20ന് പ്രഖ്യാപിച്ചിരിക്കുന്ന 24 മണിക്കൂര്‍ നിരാഹാര സമരം മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. 21ന് നിരാഹാര സമരത്തിന്റെ സമാപനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com