'ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ നേരിട്ടു, വേദനകള്‍ അനുഭവിച്ചു ; ഇനിയെങ്കിലും സ്വൈര്യമായി ജീവിക്കണം' ; സുപ്രിംകോടതിക്ക് മുന്നില്‍ അപേക്ഷയുമായി നടി 

അപേക്ഷയ്‌ക്കൊപ്പം ചില സുപ്രധാന രേഖകളും നിര്‍ണായക തെളിവുകളും സുപ്രിംകോടതിയില്‍ നല്‍കിയിട്ടുണ്ട്
'ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ നേരിട്ടു, വേദനകള്‍ അനുഭവിച്ചു ; ഇനിയെങ്കിലും സ്വൈര്യമായി ജീവിക്കണം' ; സുപ്രിംകോടതിക്ക് മുന്നില്‍ അപേക്ഷയുമായി നടി 

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ട നടി സുപ്രിംകോടതിയില്‍ നല്‍കിയത് പത്തുപേജുള്ള അപേക്ഷ. താന്‍ നേരിട്ട അക്രവും അനുഭവിച്ച വേദനകളും നടി അപേക്ഷയില്‍ വ്യക്തമാക്കുന്നു. തന്റെ സ്വകാര്യതയെ കോടതി മാനിക്കണമെന്നാണ് ഏറ്റവും പ്രധാനമായും അപേക്ഷയില്‍ നടി ഉന്നയിച്ചിട്ടുള്ളത്. 

ഈ കേസുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ ഒട്ടേറെ സമ്മര്‍ദ്ദങ്ങള്‍ താന്‍ നേരിട്ടു, വേദനകള്‍ അനുഭവിച്ചു. ഇനിയെങ്കിലും തനിക്ക് സ്വൈര്യ  ജീവിതം നയിക്കണം. കോടതി അത് മാനിക്കണമെന്നും അപേക്ഷയില്‍ നടി ആവശ്യപ്പെടുന്നു. കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പം ചില സുപ്രധാന രേഖകളും നിര്‍ണായക തെളിവുകളും സുപ്രിംകോടതിയില്‍ നല്‍കിയിട്ടുണ്ട്. 

മുദ്രവെച്ച കവറിലാണ് ഈ രേഖകള്‍ സുപ്രിംകോടതി രജിസ്ട്രിക്ക് നടി കൈമാറിയത്. കേസുമായി ബന്ധപ്പെട്ട് ഏറ്റവും നിര്‍ണ്ണായക രേഖകളായ മെമ്മറി കാര്‍ഡുകള്‍ ദിലീപിന് ലഭിച്ചാല്‍ സ്വാഭാവികമായും അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്നും അക്രമത്തിനിരയായ നടി വ്യക്തമാക്കുന്നു. സുപ്രിം കോടതിയിലെ ചില മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. 

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് കൈമാറുന്ന കാര്യത്തില്‍ വിചാരണ കോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രിംകോടതി നേരത്തെ അഭിപ്രായപ്പെട്ടത്. നടിയുടെ അപേക്ഷ ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കറും ദിനേശ് മഹേശ്വരിയും അടങ്ങുന്ന ബെഞ്ചാകും പരിഗണിക്കുക. അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ കൂടി പരിശോധിച്ച ശേഷമായിരിക്കും ദിലീപിന്റെ അപേക്ഷയില്‍ സുപ്രിംകോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com