'നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ...'; ഫോണ്‍ മോഷ്ടിച്ചശേഷം കടയുടമയെ വിളിച്ച് കള്ളന്‍ ; കുടുങ്ങി ; ചോദ്യം ചെയ്യലില്‍ വീണ്ടും ട്വിസ്റ്റ്

കടമുഴുവന്‍ പരിശോധിച്ചപ്പോള്‍, 12,000 രൂപയുടെ ഒരു മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം : കട തുറന്ന് മൊബൈല്‍ മോഷ്ടിച്ചശേഷം ആരുമറിയാതെ കടയടച്ച് മുങ്ങാനുള്ള കള്ളന്റെ പദ്ധതി പാളി. തുറന്നതുപോലെ എളുപ്പത്തില്‍ അടയ്ക്കാന്‍ കഴിയാതിരുന്നതാണ് കുരുക്കായത്. ഇതോടെ കടയില്‍ എഴുതിവെച്ചിരുന്ന നമ്പറില്‍ വിളിച്ച്, ഒന്നു മറിയാത്ത വഴിപോക്കനെ പോലെ കടയുടമയോട് പറഞ്ഞു- 'നിങ്ങളുടെ കട തുറന്നുകിടപ്പുണ്ട്, പൂട്ടിക്കോണേ...'എന്ന്. 

ഫോണ്‍ സന്ദേശം ലഭിച്ചതും കടയുടമ ഉടന്‍ തന്നെ സ്ഥലത്ത് പാഞ്ഞെത്തി. കടമുഴുവന്‍ പരിശോധിച്ചപ്പോള്‍, 12,000 രൂപയുടെ ഒരു മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. മോഷ്ടാവ് ആരെന്നറിയാന്‍ സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് ശരിക്കും ഞെട്ടിയത് ഫോണില്‍ വിവരം വിളിച്ചുപറഞ്ഞ അതേയാള്‍ തന്നെയാണ് ഫോണ്‍ മോഷ്ടിച്ചത്!

അയാളുടെ കൂടെ മറ്റൊരാളുമുണ്ടായിരുന്നു. രണ്ടുപേരെയും സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കഥയുടെ ട്വിസ്റ്റ്. കൂടെ ഉണ്ടായിരുന്നയാള്‍, പിടിക്കപ്പെടുകയാണെങ്കില്‍ കുറ്റം ഏറ്റുപറയാന്‍ നിര്‍ത്തിയ 'ഡമ്മി' ആയിരുന്നു! രണ്ടായിരം രൂപയാണ് കള്ളന്‍ അയാള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. അങ്ങനെ തനിക്ക് രക്ഷപ്പെടാമെന്നും അദ്ദേഹം വിചാരിച്ചു. 

പണത്തിന് കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ ഒരു മൊബൈല്‍ ഫോണ്‍ മാത്രം എടുക്കുന്നതാണ് തന്റെ രീതിയെന്ന് അയാള്‍ പൊലീസിനോട് പറഞ്ഞു. രണ്ടുതവണ ഇതേ കടയില്‍ മുമ്പ് കയറി മോഷണംനടത്തി ആരുമറിയാതെ വാതിലുംപൂട്ടി പോയിരുന്നതായും വെളിപ്പെടുത്തി. മോഷ്ടിച്ച മൂന്ന് ഫോണിന്റെയും പണം നല്‍കാമെന്ന ധാരണയില്‍ കടയുടമ പരാതി പിന്‍വലിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com