പരീക്ഷാപ്പേടിയില്‍ വിദ്യാര്‍ത്ഥിയുടെ 'നുണക്കഥ'; യുവാക്കള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനം; അറസ്റ്റ് 

പരീക്ഷാപ്പേടിയില്‍ വിദ്യാര്‍ത്ഥിയുടെ 'നുണക്കഥ'; യുവാക്കള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനം; അറസ്റ്റ് 

പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയില്‍ പതിനാലുകാരന്‍ നുണക്കഥ ചമച്ചതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു

മലപ്പുറം: കൊണ്ടോട്ടിയില്‍ യുവാക്കള്‍ ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ വഴിത്തിരിവ്. തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പതിനാലുകാരന്റെ കളളക്കഥ വിശ്വസിച്ച് നാട്ടുകാര്‍ യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വധശ്രമത്തിന് കേസെടുത്ത 40 പേരില്‍ 3 പേരെ അറസ്റ്റ് ചെയ്തു. മര്‍ദനത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു.

വ്യാപാരികളായ കുറുപ്പത്ത് സഫറുളള, ചീരോത്ത് റഹ്മത്തുളള എന്നിവരാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അടുത്തിടെ മലപ്പുറത്ത് ഉണ്ടാകുന്ന അഞ്ചാമത്തെ ആള്‍ക്കൂട്ട ആക്രമണമാണിത്.

പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയില്‍ പതിനാലുകാരന്‍ നുണക്കഥ ചമച്ചതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഒരു കാരണവും പറയാതെ ആള്‍ക്കൂട്ടം തങ്ങളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു. രക്തം ഛര്‍ദിച്ചിട്ടും അടിനിര്‍ത്തിയില്ലെന്നും യുവാക്കള്‍ ആരോപിച്ചു.

കാറില്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പതിനാലുകാരന്‍ നാട്ടുകാരോട് പറഞ്ഞതാണ് സംഭവത്തിന്റെ തുടക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കാര്‍ ഇതാണെന്ന് പതിനാലുകാരന്‍ പറഞ്ഞത് അനുസരിച്ച് പൊലീസിനെ വിവരമറിയിച്ചു. കാര്‍ തിരിച്ചറിഞ്ഞ പൊലീസ് യുവാക്കളോട് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് എന്താണ് കാര്യം എന്നുപോലും അറിയാതെ സ്‌റ്റേഷനിലേക്ക് പോകുംവഴി, കാര്‍ നിര്‍ത്തി ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നുവെന്ന് യുവാക്കള്‍ പറയുന്നു.

കാര്‍ ഇതാണെന്ന് പതിനാലുകാരന്‍ പറഞ്ഞത് അനുസരിച്ച് ആള്‍ക്കൂട്ടം മര്‍ദനം ആരംഭിച്ചതായി യുവാക്കള്‍ പറയുന്നു.എന്താണ് കാര്യം എന്ന് ചോദിച്ചിട്ടും ഉത്തരം പറയാതെ നാട്ടുകാര്‍ മര്‍ദനം തുടര്‍ന്നു. കാറില്‍ നിന്ന് പിടിച്ചുപുറത്തിറക്കി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നെഞ്ചിലും നാഭിയിലുമെല്ലാം ഇടിച്ചതായും യുവാക്കള്‍ പറയുന്നു.  പൊലീസ് ഏറെ ശ്രമപ്പെട്ടാണ് ഇവരെ ആള്‍ക്കൂട്ടത്തില്‍ നിന്ന് മോചിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പറഞ്ഞത് കളളകഥയാണ് എന്ന് കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com