ഫീസ് അടയ്ക്കാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ വെയിലത്തു നിര്‍ത്തി; സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് എതിരേയാണ് നടപടി
ഫീസ് അടയ്ക്കാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ വെയിലത്തു നിര്‍ത്തി; സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

കൊച്ചി; സ്‌കൂള്‍ ഫീസ് അടച്ചില്ലെന്ന കാരണത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കും. സംസ്ഥാന ബാലാവകാശ കമ്മീഷനാണ് സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കാന്‍ ഉത്തരവിട്ടത്. കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് എതിരേയാണ് നടപടി. 

മാര്‍ച്ച് 28 നാണ് വിവാദസംഭവമുണ്ടായത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികളെയാണ് മാര്‍ച്ച് 28 ന് പരീക്ഷ ഹാളിന് വെളിയില്‍ നിര്‍ത്തിയത്. കനത്ത ചൂടില്‍ പുറത്തുനിന്ന വിദ്യാര്‍ത്ഥികള്‍ അവശരായി. ഒരു വിദ്യാര്‍ത്ഥിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് നടപടി. 

പൊതുവിദ്യാഭ്യാസ ഡയറക്ടറുചെ ഉത്തരവോടു കൂടി എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. അടച്ചുപൂട്ടുന്ന സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും സംരക്ഷണ ചുമതലയും ബന്ധപ്പെട്ടവര്‍ മുഖേവ ഏറ്റെടുത്ത് നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ശിശുക്ഷേമ സമിതി അധികൃതര്‍, ഡിഇഒ, കരുമാലൂര്‍ പഞ്ചായത്ത്, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് കുറ്റക്കാര്‍ക്കെതിരേ നടപടിയ്ക്ക് ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്‍ അംഗീകാരം റദ്ദാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com