മരട് ഫ്ലാറ്റ് : മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോ​ഗം ഇന്ന് ; പുനരധിവാസ നടപടികളുമായി നഗരസഭ

നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്
മരട് ഫ്ലാറ്റ് : മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോ​ഗം ഇന്ന് ; പുനരധിവാസ നടപടികളുമായി നഗരസഭ

തിരുവനന്തപുരം : കൊച്ചി മരടിലെ  ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോ​ഗം ഇന്ന് നടക്കും. വിഷയത്തിൽ സർവകക്ഷിയോ​ഗം വിളിക്കണമെന്ന് പ്രതിപക്ഷപാർട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം സർവകക്ഷിയോ​ഗ തീയതി തീരുമാനിച്ചത് തന്നോട് കൂടി ആലോചിക്കാതെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. . പ്രതിപക്ഷ നേതാവിനോടു കൂടി ആലോചിച്ച ശേഷം സർവകക്ഷി യോഗ തീയതി തീരുമാനിക്കുന്നതാണ് കാലാകാലങ്ങളിൽ മുഖ്യമന്ത്രിമാർ സ്വീകരിച്ചിരുന്ന രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പുനരധിവാസ നടപടികളുമായി മുന്നോട്ടുപോകാൻ മരട് നഗരസഭ തീരുമാനിച്ചു. ചൊവ്വാഴ്ച മൂന്നുമണിക്ക് മുന്‍പ് പുനരധിവാസം ആവശ്യമുള്ളവര്‍ അപേക്ഷ നല്‍കണം. അപേക്ഷ നല്‍കാത്തവരെ പുനരധിവസിപ്പിക്കില്ലെന്നാണ്  മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് ഫ്ലാറ്റുകളിൽ നോട്ടീസ് പതിച്ചു. 

ഉടമകള്‍ക്ക് ഒഴിയാനുള്ള സമയ പരിധി ഇന്നലെ അർധരാത്രിയോടെ അവസാനിച്ചിരുന്നു. നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നോട്ടിസ് നിയമാനുസൃതം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാര്‍പ്പിക്കും എന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. നിലവില്‍ ഒരു ഫ്ലാറ്റില്‍ നിന്നും ഒരാള്‍പോലും ഒഴി‍ഞ്ഞുപോയിട്ടില്ല. അഞ്ച് ഫ്ലാറ്റുകളില്‍ ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് ഉടമകള്‍ മാത്രമാണ് നഗരസഭയുടെ നോട്ടിസിന് മറുപടി നല്‍കിയത്. ഫ്ലാറ്റ് ഒഴിയില്ല എന്നാണ് മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com