മാപ്പിളപ്പാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര മകനാണ്
മാപ്പിളപ്പാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപാട്ട് ഗായകന്‍ എം കുഞ്ഞിമൂസ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വടകരയിലായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര മകനാണ്. 

ചുമട്ടുതൊഴിലാളിയായിരുന്ന കുഞ്ഞിമൂസ ഗായകനാക്കി വളര്‍ത്തിയെടുത്തത് കെ. രാഘവന്‍ മാസ്റ്ററാണ്. 1967 മുതല്‍ കോഴിക്കോട് ആകാശവാണിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.അക്കിത്തം, ജി ശങ്കരക്കുറിപ്പ്, തിക്കോടിയന്‍, ശ്രീധരനുണ്ണി, പൂവച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ രചനകള്‍ക്ക് സംഗീതം നല്‍കിയായിരുന്നു മൂസ ശ്രദ്ധേയനായത്. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പാട്ട്, ബദറുല്‍ മുനീര്‍, ഹുസുനുല്‍ ജമാല്‍ എന്നിവ പുതിയ ശൈലിയില്‍ ചിട്ടപ്പെടുത്തി ജനകീയമാക്കി മാറ്റിയത് കുഞ്ഞിമൂസയായിരുന്നു. അനവധി നാടകഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം നിര്‍വഹിച്ചിരുന്നു.

1970- 80 കാലഘട്ടങ്ങളില്‍ ബ്രഹ്മാനന്ദന്‍, പി ലീല, മച്ചാട് വാസന്തി, ഉദയഭാനു, ഗോകുലബാലന്‍ എന്നിവര്‍ക്കൊപ്പം ആകാശവാണിയുടെ സ്ഥിരം ഗായകനായിരുന്നു അദ്ദേഹം. കുഞ്ഞിമൂസയുടെ തന്നെ പാട്ടായ നെഞ്ചിനുള്ളില്‍ നീയാണ്... എന്ന പാട്ട് പാടിയാണ് മകന്‍ താജൂദീന്‍ വടകര ശ്രദ്ധേയനാകുന്നത്. 2000ല്‍ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിമൂസയെ ആദരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com