സിപിഎം നേതാക്കള്‍ പ്രതികളായ പീഡനം; വിചിത്രവാദവുമായി പൊലീസ്; അപമാനമെന്ന് അനില്‍ അക്കര

നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ സിപിഎമ്മുകാര്‍ പ്രതികളായ പീഡനക്കേസിലെ അന്വേഷണം വാദിയെ പ്രതിയാക്കി പൊലീസ് അവസാനിപ്പിച്ചു
സിപിഎം നേതാക്കള്‍ പ്രതികളായ പീഡനം; വിചിത്രവാദവുമായി പൊലീസ്; അപമാനമെന്ന് അനില്‍ അക്കര

വടക്കാഞ്ചേരി: നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ സിപിഎമ്മുകാര്‍ പ്രതികളായ പീഡനക്കേസിലെ അന്വേഷണം വാദിയെ പ്രതിയാക്കി പൊലീസ് അവസാനിപ്പിച്ചു. പരാതി അടിസ്ഥാന രഹിതമാണെന്ന്, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് നല്‍കിയതായി അനില്‍ അക്കര എംഎല്‍എയെ സര്‍ക്കാരിനു വേണ്ടി അഡീഷനല്‍ ചീഫ് സെക്രട്ടറി  അറിയിച്ചു. പീഡനക്കേസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് 2016 നവംബര്‍ 17ന് അനില്‍ അക്കര എംഎല്‍എ മുഖ്യമന്ത്രിക്ക് അയച്ച കത്തിനുള്ള മറുപടിയിലാണു പൊലീസിന്റെ വിചിത്ര അന്വേഷണ റിപ്പോര്‍ട്ട് അഡീഷനല്‍ ചീഫ് സെക്രട്ടറി വെളിപ്പെടുത്തിയത്.

തൃശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത െ്രെകം 1651/2016 എന്ന കേസ് എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിച്ചത്. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന്റെ ഭാഗമായി നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ കളവായി പീഡന പരാതി നല്‍കുകയായിരുന്നുവെന്ന് അന്വേഷണസംഘം വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി. പ്രാഥമികമായി ബോധ്യപ്പെടാവുന്ന  തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ പീഡന പരാതികളില്‍ കുറ്റപത്രം സമര്‍പ്പിക്കാവൂ എന്ന് ഒട്ടേറെ വിധിന്യായങ്ങളിലൂടെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതിനാല്‍ പരാതി കളവാണെന്നു ബോധ്യപ്പെട്ടുവെന്നാണു പൊലീസിന്റെ വിലയിരുത്തല്‍.

നടപടി സമൂഹമനഃസ്സാക്ഷിയെ ഞെട്ടിക്കുന്നതും കേരള പൊലീസിന് അപമാനവുമാണെന്ന് അനില്‍ അക്കര എംഎല്‍എ. പ്രതികള്‍ക്കെതിരെ തെളിവ് ലഭിച്ചില്ലെന്ന നിലപാട് അപഹാസ്യമാണ്. പീഡനം നടന്ന സ്ഥലവും തട്ടിക്കൊണ്ടുപോയ വാഹനവും പരാതിക്കാരി വ്യക്തമാക്കിയിട്ടും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണു പൊലീസ് തുടക്കം മുതലേ സ്വീകരിച്ചതെന്ന് എംഎല്‍എ പറഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പെടെ ഉന്നത നേതാക്കളുടെ ഇടപെടല്‍ മൂലമാണ് ഇത്തരത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com