ആദ്യം മടിച്ചുനിന്നു; ഭാഗ്യദേവത ചേര്‍ത്തുനിര്‍ത്തി; ലോട്ടറിയടിച്ചത് അവസാനനിമിഷമെടുത്ത ടിക്കറ്റിന്

നറുക്കെടുപ്പിന്റെ തൊട്ടുമുന്‍പ് എടുത്ത ലോട്ടറി ടിക്കറ്റിനാണ് ഇത്തവണ ഭാഗ്യദേവതയുടെ കടാക്ഷം 
ആദ്യം മടിച്ചുനിന്നു; ഭാഗ്യദേവത ചേര്‍ത്തുനിര്‍ത്തി; ലോട്ടറിയടിച്ചത് അവസാനനിമിഷമെടുത്ത ടിക്കറ്റിന്

കോട്ടയം:  ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക പ്രഖ്യാപിച്ച തിരുവോണം ബംപറിന്റെ നറുക്കെടുപ്പില്‍ ഒന്നാംസമ്മാനമായ 12 കോടി സ്വന്തമാക്കിയത് ആറ് സുഹൃത്തുക്കളാണ്. ഇതോടെ ആറ് സുഹൃത്തുക്കളെ പറ്റിയുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടെ പ്രചരിക്കുന്നത്. ഇപ്പോള്‍ ഈ ടിക്കറ്റ് എടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്നുപറയുകയാണ് ചുങ്കത്ത് ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന ഈ സഹപ്രവര്‍ത്തകര്‍. 

ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് ഇറങ്ങുമ്പോഴാണ് ലോട്ടറി എടുത്താലോ എന്ന് അവര്‍ ചിന്തിച്ചത്. അടുത്തദിവസം ഓണം ബംപറിന്റെ നറുക്കെടുപ്പാണ്. ആ ടിക്കറ്റ് തന്നെ വാങ്ങാമെന്നും കരുതി. ടിക്കറ്റൊന്നിന് 300 രൂപയാണു വില. ലോട്ടറിയടിച്ചില്ലെങ്കില്‍ അത്രയും പണം നഷ്ടം. കിട്ടിയാല്‍ വമ്പന്‍ ചാകരയും. സുഹൃത്തുക്കളായ ആറു പേര്‍ നഷ്ടം കുറയ്ക്കാനായി പണം പങ്കിട്ടെടുത്താണു ലോട്ടറി വാങ്ങിയത്. 

ആറു പേരും ഒട്ടും വിചാരിച്ചിരുന്നില്ല ഇരുട്ടി വെളുക്കുമ്പോള്‍ കോടീശ്വരന്മാരായി മാറുമെന്ന്. കരുനാഗപ്പള്ളിയിലെ ജ്വല്ലറി ജീവനക്കാരായ റോണി, വിവേക്, രതീഷ്, സുബിന്‍, റംജി, രാജീവന്‍ എന്നിവരാണു സര്‍ക്കാരിന്റെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം അടിച്ചു കോടിപതികളായത്. ഇവര്‍ ജോലിചെയ്യുന്ന ജ്വല്ലറിക്ക് എതിര്‍വശത്തു ലോട്ടറി വില്‍ക്കുന്ന സിദ്ദിഖില്‍ നിന്നാണു ബംപറിന്റെ ടിക്കറ്റ് വാങ്ങിയത്. അതും അവസാനനിമിഷം.

കായംകുളത്തെ ഏജന്റ് ശിവന്‍കുട്ടിയുടെ കരുനാഗപ്പളളിയിലെ കടയില്‍നിന്നാണു വില്‍പ്പനയ്ക്കായി സിദ്ദിഖ് ടിക്കറ്റ് എടുത്തത്. 300 രൂപ വിലയുള്ള രണ്ടു ടിക്കറ്റുകളാണ് ആറു പേരും കൂടി 100 രൂപ വീതം പിരിവിട്ടു വാങ്ങിയത്. ഇതിലെ ഒരു ലോട്ടറിയെ 12 കോടിയുടെ ഒന്നാം സമ്മാനവുമായി ഭാഗ്യദേവത കടാക്ഷിച്ചു. ജൂലൈ 21നു വില്‍പ്പന തുടങ്ങിയ ഓണം ബംപര്‍, ഭാഗ്യശാലികളുടെ അടുത്തെത്തിയത് അവസാന നിമിഷമാണെന്നതു കൗതുകമായി.

കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഓണം ബംപറിന്റേത്. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജന്‍സി കമ്മിഷന്‍. ഇതു കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാര്‍ഹരില്‍നിന്ന് ഈടാക്കും. ഓണം ബംപറിന്റെ ഫലമറിയാന്‍ ജനം തിക്കിതിരക്കിയതോടെ ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌സൈറ്റ് പണി മുടക്കി. ആദ്യമായാണ് വെബ്‌സൈറ്റില്‍ ഇത്രയും തിരക്ക് ഉണ്ടാകുന്നതെന്നു ലോട്ടറി വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഒന്നാം സമ്മാനം 12 കോടി ആയതിനാല്‍ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജന്‍സി കമ്മിഷനായി സമ്മാനത്തുകയില്‍നിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായനികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7.56 കോടി രൂപയാണു ലഭിക്കുക. ആറു പേരും തുല്യമായി വീതിച്ചെടുത്താല്‍ 1.26 കോടി വീതം കയ്യില്‍ കിട്ടും. ഇത്തവണത്തെ ഓണം ശരിക്കും പൊന്നോണമായെന്ന് ആറു പേരും ഒരേ സ്വരത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com