'ഇന്നൊരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്, അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്, മര്യാദയ്ക്ക് അല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും'; ഒളിയമ്പുമായി പിണറായി 

മര്യാദയ്ക്ക് അല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്നും അഴിമതിയോട് ഒരു വീട്ടുവീഴ്ചയും കാണിക്കുകയില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി
'ഇന്നൊരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്, അയാള്‍ അനുഭവിക്കാന്‍ പോവുകയാണ്, മര്യാദയ്ക്ക് അല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും'; ഒളിയമ്പുമായി പിണറായി 

കോട്ടയം: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഒളിയമ്പ്. മര്യാദയ്ക്ക് അല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്നും അഴിമതിയോട് ഒരു വീട്ടുവീഴ്ചയും കാണിക്കുകയില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

അഴിമതി കാണിക്കാന്‍ പ്രവണതയുളളവരോട് ഒരു കാര്യം മാത്രമാണ് പറയാന്‍ ഉളളത്. മര്യാദയ്ക്ക് ജീവിച്ചാല്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ചു ജീവിക്കാം. ഒരു പഞ്ചവടിപ്പാലവും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഇത് വ്യക്തമായി മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

അങ്ങനെയല്ല നീങ്ങുന്നതെങ്കില്‍, ഇന്ന് ഒരാളുടെ കഥ പുറത്തുവന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കുന്നുണ്ട്. മറ്റേ കഥയല്ല. ഇന്ന് പുതിയ ഒരു കഥ വന്നിട്ടുണ്ട്. അയാള്‍ അനുഭവിക്കാന്‍ പോകുകയാണ്. അഴിമതിയോട് ഒരു വീട്ടുവീഴ്ചയും കാണിക്കുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വി കെ ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഇബ്രാഹിംകുഞ്ഞിനെയും റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എംഡി മുഹമ്മദ് ഹനീഷിനെയും വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com