കരാറുകാരന് മുന്‍കൂര്‍ പണം : ശുപാര്‍ശ നല്‍കിയത് മുഹമ്മദ് ഹനീഷ്, ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞ് ; നിലപാടിലുറച്ച് ടി ഒ സൂരജ്

മുഹമ്മദ് ഹനീഷാണ് ആര്‍ഡിഎസ് പ്രോജക്ട്‌സ് കമ്പനി എംഡി സുമിത് ഗോയലിന് അഡ്വാന്‍സ് നല്‍കാന്‍ ശുപാര്‍ശ നല്‍കിയത് 
കരാറുകാരന് മുന്‍കൂര്‍ പണം : ശുപാര്‍ശ നല്‍കിയത് മുഹമ്മദ് ഹനീഷ്, ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞ് ; നിലപാടിലുറച്ച് ടി ഒ സൂരജ്


കൊച്ചി : പാലാരിവട്ടം പാലം പണിക്ക് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞാണെന്ന് കേസില്‍ അറസ്റ്റിലായ ടി ഒ സൂരജ് ആവര്‍ത്തിച്ചു. ഇതിന് ശുപാര്‍ശ നല്‍കിയത് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എംഡിയായിരുന്ന എപിഎം മുഹമ്മദ് ഹനീഷാണെന്നും സൂരജ് വ്യക്തമാക്കി. കേസില്‍ മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡിലുള്ള സൂരജിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പാഴായിരുന്നു പ്രതികരണം. 

മുഹമ്മദ് ഹനീഷാണ് ആര്‍ഡിഎസ് പ്രോജക്ട്‌സ് കമ്പനി എംഡി സുമിത് ഗോയലിന് അഡ്വാന്‍സ് നല്‍കാന്‍ ശുപാര്‍ശ നല്‍കിയത്. അഡ്വാന്‍സ് തുകയ്ക്ക് ഏഴ് ശതമാനം പലിശയാണ് ഈടാക്കിയിരുന്നത്. ഏറ്റവും കുറഞ്ഞ തുകയാണ് പലിശ ഈടാക്കിയതെന്ന് വിജിലന്‍സ് നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൊബിലൈസേഷന്‍ ഫണ്ടിന് ചരി്രതത്തില്‍ ഇതുവരെ പലിശ വാങ്ങിയിട്ടില്ലെന്നും, തന്റെ കാലത്താണ് പലിശ വാങ്ങിയതെന്നും  പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയായ  ടി ഒ സൂരജ് അവകാശപ്പെട്ടു.

പാലാരിവട്ടം പാലം അഴിമതിയില്‍ അറസ്റ്റിലായ ടി ഒ സൂരജ് അടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നത്. പാലം നിര്‍മ്മാണത്തിന് കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ ഉത്തരവിട്ടത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞാണെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ സൂരജ് വെളിപ്പെടുത്തിയിരുന്നു. 

കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, പാലം നിര്‍മ്മിച്ച ആര്‍.ഡി.എസ്. പ്രോജക്ട്‌സിന്റെ എം ഡി സുമിത് ഗോയല്‍, കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ അഡീഷണല്‍ മാനേജര്‍ എം ടി തങ്കച്ചന്‍, കിറ്റ്‌കോയുടെ ജോയന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് വിജിലന്‍സ് ഇന്നലെ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com