ജനവികാരം അറിയാതെ ജഡ്ജിമാര്‍ നിയമം വ്യാഖ്യാനിക്കരുത് : ജസ്റ്റിസ് ഉബൈദ്

സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ മറന്നും, നിയമങ്ങളുടെ പ്രയോജനം കിട്ടേണ്ടവരെ അവഗണിച്ചും  വ്യാഖ്യാനത്തിന് മുതിരുന്നത് ഗുണപരമല്ല
ജനവികാരം അറിയാതെ ജഡ്ജിമാര്‍ നിയമം വ്യാഖ്യാനിക്കരുത് : ജസ്റ്റിസ് ഉബൈദ്

കൊച്ചി : ജനവികാരം അറിയാതെ ജഡ്ജിമാര്‍ നിയമം വ്യാഖ്യാനിച്ചാല്‍ ജുഡീഷ്യല്‍ സംവിധാനങ്ങളില്‍ സമൂഹത്തിന് വിശ്വാസം നഷ്ടമാകുമെന്ന് ജസ്റ്റിസ് പി ഉബൈദ്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ മറന്നും, നിയമങ്ങളുടെ പ്രയോജനം കിട്ടേണ്ടവരെ അവഗണിച്ചും  വ്യാഖ്യാനത്തിന് മുതിരുന്നത് ഗുണപരമല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന വേളയില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഫുള്‍കോര്‍ട്ട് റഫറന്‍സ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഉബൈദ്. 

സാമൂഹിക കാഴ്ചപ്പാടും പ്രായോഗിക സമീപനവും ഉള്‍ക്കൊണ്ട് നിയമം വ്യാഖ്യാനിക്കണം. ജനങ്ങള്‍ വിശ്വാസത്തോടെ നീതിനടത്തിപ്പിന്റെ ഭാഗമാകുമ്പോഴാണ് ജുഡീഷ്യറിയുടെ ജനാധിപത്യവല്‍ക്കരണം സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായി. 

മലപ്പുറം കാടപ്പാടി സ്വദേശിയായ ജസ്റ്റിസ് ഉബൈദ് 2014 ലാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1988 ല്‍ മുന്‍സിഫ്- മജിസ്‌ട്രേറ്റ് ആയാണ് ജുഡീഷ്യല്‍ സര്‍വീസ് ആരംഭിച്ചത്. ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിയും, കെ എം മാണിക്കെതിരായ ബാര്‍കോഴക്കേസ്, രമേശ് ചെന്നിത്തലക്കെതിരായ ഡിജിപി നിയമന അഴിമതിക്കേസ്, ഇ പി ജയരാജനെതിരെ ബന്ധുനിയമനക്കേസ് തുടങ്ങിയ സുപ്രധാന കേസുകളും ജസ്റ്റിസ് ഉബൈദ് കൈകാര്യം ചെയ്തു. പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലം എന്ന് വിശേഷിപ്പിച്ചതും ജസ്റ്റിസ് ഉബൈദാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com