ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പിന് നിശ്ചിത തോത് ടിക്കറ്റ് സ്‌റ്റേഷനുകളില്‍ വേണമെന്ന് റെയില്‍വേ ; നിര്‍ത്താത്ത വണ്ടിക്ക് എങ്ങനെ ടിക്കറ്റ് നല്‍കുമെന്ന് വി കെ ശ്രീകണ്ഠന്‍

തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കണമെന്നും മധുര ഡിവിഷന് കൈമാറണമെന്നും തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടു
ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പിന് നിശ്ചിത തോത് ടിക്കറ്റ് സ്‌റ്റേഷനുകളില്‍ വേണമെന്ന് റെയില്‍വേ ; നിര്‍ത്താത്ത വണ്ടിക്ക് എങ്ങനെ ടിക്കറ്റ് നല്‍കുമെന്ന് വി കെ ശ്രീകണ്ഠന്‍


തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ വിളിച്ച യോഗത്തില്‍ കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ച് റെയില്‍വേ അധികൃതര്‍. പുതിയ തീവണ്ടി, അധിക സ്‌റ്റോപ്പുകള്‍, സര്‍വീസ് ദീര്‍ഘിപ്പിക്കല്‍ തുടങ്ങിയ കേരളത്തിന്റെ പൊതുവായ ആവശ്യങ്ങളോടാണ് അധികൃതര്‍ നിസംഗഭാവം തുടരുന്നത്. ഓരോ എം പി.മാരും നേരത്തേ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, മുഖംതിരിച്ചുള്ള മറുപടിയാണ് റെയില്‍വേ നല്‍കിയതെന്ന വിമര്‍ശനം എം പിമാര്‍ യോഗത്തില്‍ അറിയിച്ചു.മന്ത്രി പീയൂഷ് ഗോയലിന്റെ നിര്‍ദേശമനുസരിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ രാഹുല്‍ ജെയിന്‍ ആണ് എംപിമാരുടെ യോഗം വിളിച്ചത്. 

റെയില്‍വേ നാലുസ്‌റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താമെന്നതാണ് കേരളത്തിന് നല്‍കിയ പ്രധാന ഉറപ്പ്. കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം സൗത്ത് എന്നിവയാണ് അന്തര്‍ദേശീയ നിലവാരത്തിലേക്കുള്ള പരിഗണനയിലുള്ളത്. പാലക്കാട് പിറ്റ് ലൈന്‍ സ്ഥാപിക്കും. മംഗലാപുരത്തുനിന്നും എറണാകുളത്തുനിന്നുമായി രാമേശ്വരത്തേക്ക് രണ്ടു പുതിയ തീവണ്ടികള്‍ അനുവദിച്ചതായും എംപിമാരെ അറിയിച്ചു. 

ദീര്‍ഘദൂര വണ്ടികള്‍ക്ക് സ്‌റ്റോപ്പ് അനുവദിക്കുന്നതിന് നിശ്ചിത തോത് ടിക്കറ്റ് സ്‌റ്റേഷനുകളില്‍ ഉണ്ടാകണമെന്നാണ് റെയില്‍വേ നല്‍കിയ വിശദീകരണം. നിര്‍ത്താത്ത തീവണ്ടിക്ക് എങ്ങനെ സ്‌റ്റേഷനിലെ ടിക്കറ്റിന്റെ കണക്കെടുക്കാനാകുമെന്ന് വി കെ ശ്രീകണ്ഠന്‍ എംപി ചോദിച്ചു. പാലക്കാട്-തിരുവനന്തപുരം വികസനം തടയാന്‍ റെയില്‍വേയില്‍ പ്രത്യേക ലോബി പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് ബിനോയ് വിശ്വവും കുറ്റപ്പെടുത്തി.

ധന്‍ബാദ്-ആലപ്പുഴ, പുണെ-എറണാകുളം, അജ്മീര്‍-എറണാകുളം എക്‌സ്പ്രസുകള്‍ കൊല്ലത്തേക്ക് നീട്ടണമെന്ന ആവശ്യവും തള്ളി. ബെംഗളൂരുവിലേക്ക് കൂടുതല്‍ സര്‍വീസ് അനുവദിക്കണമെന്ന ആവശ്യവും നിരാകരിച്ചു. തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കണമെന്നും മധുര ഡിവിഷന് കൈമാറണമെന്നും തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടു. നേമം മുതല്‍ തിരുനെല്‍വേലി വരെയുള്ള 160 കിലോമീറ്റര്‍ പാതയാണ് മധുര ഡിവിഷന് കീഴിലാക്കാന്‍ ആവശ്യമുയര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com