ആനക്കൊമ്പ് കേസ്; ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ പ്രതിയാക്കി കുറ്റപത്രം

ആനക്കൊമ്പ് കൈവശംവച്ച കേസില്‍ ഏഴുവര്‍ഷത്തിനുശേഷം നടന്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു
ആനക്കൊമ്പ് കേസ്; ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ പ്രതിയാക്കി കുറ്റപത്രം

കൊച്ചി : ആനക്കൊമ്പ് കൈവശംവച്ച കേസില്‍ ഏഴുവര്‍ഷത്തിനുശേഷം നടന്‍ മോഹന്‍ലാലിനെ പ്രതിചേര്‍ത്ത് വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആനക്കൊമ്പ് കൈവശം വയ്ക്കുന്നതും കൈമാറ്റം ചെയ്ുന്നയതും വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകരമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

2012ല്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് നീണ്ടുപോകുന്നതിനെതിരേ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണു തിടുക്കത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് എന്തുകൊണ്ടു തീര്‍പ്പാക്കുന്നില്ലെന്നു മൂന്നാഴ്ചയ്ക്കകം അറിയിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 

മോഹന്‍ലാലിനെ പിന്തുണച്ച് ഹൈക്കോടതിയിലടക്കം മൂന്നുവട്ടം റിപ്പോര്‍ട്ട് നല്‍കിയശേഷമാണു വനം വകുപ്പിന്റെ മലക്കംമറിച്ചില്‍. വന്യമൃഗസംരക്ഷണനിയമത്തിലെ വകുപ്പുകള്‍ ഈ കേസില്‍ ബാധകമല്ലെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യനിലപാട്. ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തി മാത്രമാണെന്നും ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. 

സൃഹൃത്തുക്കളും സിനിമാനിര്‍മാതാക്കളുമായ തൃപ്പൂണിത്തുറ സ്വദേശി കെ കൃഷ്ണകുമാറും തൃശൂര്‍ സ്വദേശി പി കൃഷ്ണകുമാറുമാണു ലാലിന് ആനക്കൊമ്പ് കൈമാറിയത്. കെ കൃഷ്ണകുമാറിന്റെ കൃഷ്ണന്‍കുട്ടി എന്ന ആന ചരിഞ്ഞപ്പോള്‍ എടുത്ത കൊമ്പാണിതെന്നും വനംവകുപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റു രണ്ടുപേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസും മോഹന്‍ലാലിന്റെ മൊഴിയെടുത്തെങ്കിലും തുടരന്വേഷണം നടത്തിയില്ല. 2011 ജൂലൈ 22നാണ് ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. ഇതേത്തുടര്‍ന്നു കോടനാട്ടെ വനംവകുപ്പ് അധികൃതര്‍ കേസെടുത്തെങ്കിലും പിന്നീടു റദ്ദാക്കി.

 തൊട്ടുപിന്നാലെ, മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശംവയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അന്നത്തെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. തുടര്‍ന്ന്, ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എറണാകുളം സ്വദേശി എഎ പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com