വടക്കൻ കേരളത്തിൽ 22 മുതൽ കനത്ത മഴയ്ക്കു സാധ്യത ; ജാ​ഗ്രതാ നിർദേശം

മഴക്കാലത്തിന്റെ അവസാനഘട്ടത്തിലും ചിലയിടങ്ങളിൽ ഇടിയേ‍ാടുകൂടി ശക്തമായ മഴ ലഭിക്കുന്നുണ്ട്
വടക്കൻ കേരളത്തിൽ 22 മുതൽ കനത്ത മഴയ്ക്കു സാധ്യത ; ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം :  വടക്കൻ കേരളത്തിൽ 22 മുതൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇതുവരെ സംസ്ഥാനത്തു ലഭിച്ചത് കാലവർഷക്കാലത്ത് സാധാരണ കിട്ടേണ്ട ശരാശരിയെക്കാൾ 13 % കൂടുതൽ മഴയാണെന്നും അധികൃതർ വ്യക്തമാക്കി. 

ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പാലക്കാട് ജില്ലയിലാണ്.  42 ശതമാനം. രണ്ടാമത് കേ‍ാഴിക്കേ‍ാട് ജില്ലയാണ് 38%. പാലക്കാട് മെ‍ാത്തം 2052.3 മില്ലീമീറ്റർ മഴയാണ് കിട്ടിയത്. മഴക്കാലത്തിന്റെ അവസാനഘട്ടത്തിലും ചിലയിടങ്ങളിൽ ഇടിയേ‍ാടുകൂടി ശക്തമായ മഴ ലഭിക്കുന്നുണ്ട്. മലമ്പുഴയിൽ കഴിഞ്ഞദിവസം 6.7 സെന്റീമീറ്റർ മഴപെയ്തു.

ശക്തവും അതിശക്തവും അതിതീവ്രവുമായി പെയ്തും കലങ്ങിമറിഞ്ഞും ക്ഷേ‍ാഭിച്ചുമുള്ള മഴക്കാലം അവസാനഘട്ടത്തിലേക്കു നീങ്ങുമ്പേ‍ാഴും കേരളതീരത്തിനടുത്ത് അറബിക്കടലിൽ പതിവിൽ കവിഞ്ഞ ചൂടു തുടരുകയാണ്. ഇടവപ്പാതിയുടെ പകുതിയേ‍ാടെ തണുത്തു തുടങ്ങാറുള്ള കടൽ ഇത്തവണ പെരുമഴക്കാലത്തും അളവിൽ കവിഞ്ഞ ചൂടിലായിരുന്നു. സാധാരണ ഈ സീസണിൽ ഒരു ഡിഗ്രി വരെ ചൂട് കുറയും. എന്നാൽ കടലിന്റെ വടക്ക്–മധ്യഭാഗത്ത് ചൂട് കുറഞ്ഞിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com