വിരട്ടല്‍ വേണ്ട, അതങ്ങ് മനസില്‍ വച്ചാല്‍ മതി; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി 

.വൈദ്യുതി ബോര്‍ഡില്‍ അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമെന്ന് പിണറായി വിജയന്‍ മറുപടി നല്‍കി
വിരട്ടല്‍ വേണ്ട, അതങ്ങ് മനസില്‍ വച്ചാല്‍ മതി; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി 

കോട്ടയം: സ്വകാര്യകമ്പനികളെ വൈദ്യുതി ബോര്‍ഡ് വഴിവിട്ട് സഹായിച്ചതായി ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.വൈദ്യുതി ബോര്‍ഡില്‍ അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമെന്ന് പിണറായി വിജയന്‍ മറുപടി നല്‍കി. അഴിമതിക്കാര്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന നിലപാടില്‍ മാറ്റമില്ല. പരാമര്‍ശം ചെന്നിത്തലയെ വേവലാതിപ്പെടുത്തുന്നതെന്തിനാണ് ? വിരട്ടല്‍ വേണ്ട, അതങ്ങ് മനസില്‍ വച്ചാല്‍ മതിയെന്നും പിണറായി പാലായില്‍ പറഞ്ഞു 

സര്‍ക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച ചെന്നിത്തലയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കിഫ്ബി വഴി നടപ്പാക്കുന്ന കോട്ടയം ലൈന്‍ , കോലത്തുനാട് പദ്ധതികളില്‍ രണ്ട് വന്‍കിട സ്വകാര്യകമ്പനികളെ വൈദ്യുതി ബോര്‍ഡ് വഴിവിട്ട് സഹായിച്ചതായി രമേശ് ചെന്നിത്തല ആരോപിച്ചു.  പ്രത്യേകമായി എന്‍ജിനീയര്‍മാരെ നിയോഗിച്ചതില്‍ ദുരൂഹതയുണ്ട്.  എസ്റ്റിമേറ്റ് തുക 60 ശതമാനം ഉയര്‍ത്തി  നിശ്ചയിച്ചെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു

ചെന്നിത്തലയുടെ ആരോപണം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്ന് വൈദ്യുതമന്ത്രി എം എം മണി പറഞ്ഞു. നെഹ്‌റുവിനുശേഷം കോണ്‍ഗ്രസിലാകെ തട്ടിപ്പും അഴിമതിയുമാണ്. ഈ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്താന്‍ നോക്കേണ്ട. വൈദ്യുതി വകുപ്പിന്റെ മുഴുവന്‍ കണക്കും ഓഡിറ്റ് ചെയ്യുന്നതാണ്. എന്ത് പറഞ്ഞാലും സിബിഐ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. എന്ത് ആക്ഷേപം ഉണ്ടെങ്കിലും രേഖാമൂലം പരാതി കൊടുക്കട്ടെയെന്നും മന്ത്രി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com