പാലം പൊളിക്കുന്നത് ദുരൂഹം; ഐഐടി നിര്‍ദേശിച്ചത് അറ്റകുറ്റപ്പണി മാത്രമെന്ന് ഗവ. കോണ്‍ട്രാക്ടര്‍മാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st September 2019 09:15 AM |
Last Updated: 21st September 2019 09:15 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: പാലാരിവട്ടം മേല്‍പാലം അറ്റകുറ്റപ്പണി നടത്തി തുറക്കാമെന്നിരിക്കെ പൊളിച്ചുപണിയാനുള്ള സര്‍ക്കാര്‍ നീക്കം ദുരൂഹമാണെന്ന് കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍. മദ്രാസ് ഐഐടി നിര്‍ദേശിച്ച അറ്റകുറ്റപ്പണികള്‍ നടത്തി പാലം ഗതാഗത യോഗ്യമാക്കാമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഐഐടിയുടെ വിദഗ്ധ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ മേല്‍ത്തട്ടിലെ കുഴപ്പങ്ങള്‍ കരാറുകാരന്‍ പരിഹരിച്ചു. ബെയറിങ്ങുകള്‍ മാറ്റി സ്ഥാപിച്ചു. ഗര്‍ഡറുകളിലെ കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ്ങും തൂണുകളിലെ കോണ്‍ക്രീറ്റ് ജാക്കറ്റിങ്ങുമാണ് ബാക്കിയുളളത്. അതും ചെയ്ത് ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് മാനദണ്ഡം അനുശാസിക്കുന്ന ലോഡ് ടെസ്റ്റ് കൂടി നടത്തിയാല്‍ നവംബര്‍ ഒന്നിനു പാലം തുറക്കാമെന്നിരിക്കെ, അതു ചെയ്യാതെ പാലം പൊളിക്കാനുളള നീക്കം ദുരൂഹമാണ്.
പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെയും ദേശീയപാതാ അതോറിറ്റിയുടെയും അഭിപ്രായം സര്‍ക്കാര്‍ തേടണം. കാര്‍ബണ്‍ റാപ്പിങ് നടത്തിയാല്‍ പാലം 20 വര്‍ഷം ഉപയോഗിക്കാമെങ്കില്‍ കരാറുകാരന്റെ ചെലവില്‍ അതാണു ചെയ്യേണ്ടതെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പളളി, കെ. മനീഷ് എന്നിവര്‍ പറഞ്ഞു.