കുറ്റവാളികളെ ഇനി കേരള പൊലീസ് ഞൊടിയിടയില്‍ കണ്ടെത്തും; വരുന്നു എഐ ക്യാമറകള്‍

ഏതു തിരക്കിനിടയിലും കുറ്റവാളികളെയും കാണാതായവരെയും ഇനി കേരള പൊലീസ് ഞൊടിയിടയില്‍ കണ്ടെത്തും
കുറ്റവാളികളെ ഇനി കേരള പൊലീസ് ഞൊടിയിടയില്‍ കണ്ടെത്തും; വരുന്നു എഐ ക്യാമറകള്‍

തിരുവനന്തപുരം: ഏതു തിരക്കിനിടയിലും കുറ്റവാളികളെയും കാണാതായവരെയും ഇനി കേരള പൊലീസ് ഞൊടിയിടയില്‍ കണ്ടെത്തും. കേരള പൊലീസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നിരീക്ഷണ ക്യാമറകള്‍ ഇതിനായി എത്തുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാനത്ത് തമ്പാനൂരിലെയും കിഴക്കേക്കോട്ടയിലെയും ബസ് സ്‌റ്റേഷനുകളിലായിരിക്കും ക്യാമറ സ്ഥാപിക്കുക. ആദ്യ കണ്‍ട്രോള്‍ റൂം കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷനിലായിരിക്കും. ഇതിനായി കെ- ഡിസ്‌ക് (കേരള ഡവലപ്‌മെന്റ് ഓഫ് ഇന്നവേഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് കൗണ്‍സില്‍) സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. 

പൊലീസിന്റെ വിവര ശേഖരത്തിലുള്ള കുറ്റവാളികളുടെ ചിത്രങ്ങള്‍ ലോഡ് ചെയ്യുകയും അവരില്‍ ആരെങ്കിലും ക്യാമറയ്ക്കു സമീപമെത്തിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും ചെയ്യുന്നതാണു പദ്ധതി. മുഖത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കുന്ന ഫേഷ്യല്‍ റെകഗ്‌നിഷന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. കാണാതായവരുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും.

ഒട്ടേറെ മുഖങ്ങള്‍ ഒരേസമയം തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുക. മുഖം വ്യക്തമാകാന്‍ ഏഴടി ഉയരത്തിലായിരിക്കും ക്യാമറ. പൊലീസ് വിവര ശേഖരത്തിലെ ചിത്രവുമായി എത്ര ശതമാനം സാമ്യമുണ്ടെന്ന വിവരമാകും കണ്‍ട്രോള്‍ റൂമിലേക്കു തത്സമയം നല്‍കുക. ആ സമയത്തെ വിഡിയോ ക്ലിപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേക്ക് അയയ്ക്കും.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട പ്രശ്‌നക്കാര്‍ സന്നിധാനത്ത് വീണ്ടുമെത്തുന്നത് കണ്ടെത്താന്‍ ഏതാനും ഫെയ്‌സ് ഡിറ്റക്ഷന്‍ ക്യാമറകള്‍ പൊലീസ് സ്ഥാപിച്ചിരുന്നു. ഇരുനൂറോളം പേരെ ഇത്തരത്തില്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇതു പൂര്‍ണമായി എഐ അധിഷ്ഠിതമായിരുന്നില്ല.

തത്സമയ നിരീക്ഷണത്തിനു പുറമേ സ്‌റ്റോര്‍ ചെയ്തു വച്ചിരിക്കുന്ന വീഡിയോ ദൃശ്യങ്ങളിലും ഗ്രൂപ്പ് ഫോട്ടോകളിലുമുള്ള വ്യക്തികളെ കണ്ടെത്താനും കഴിയുന്ന തരത്തിലായിരിക്കും പുതിയ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുക. 24 ആണ് താത്പര്യപത്രം സ്വീകരിക്കാനുള്ള അവസാന തീയതി.

റോഡില്‍ നിയമ ലംഘനം നടത്തുന്നവരെ പിടികൂടാന്‍ മോട്ടര്‍ വാഹന വകുപ്പും എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ നീക്കം നടത്തുന്നുണ്ട്. കെല്‍ട്രോണ്‍ ആണ് പദ്ധതി നിര്‍ദേശം തയാറാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com