പനി ബാധിച്ച മകന് ചികിത്സ വൈകി; ഫേസ്ബുക്ക് ലൈവ് നല്‍കിയ പിതാവിനെതിരെ കേസെടുത്ത് ജയിലിലടച്ചു

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് ഉള്ളിയേരി സ്വദേശി ഷൈജുവിനെ ജയിലില്‍ അടച്ചത്
പനി ബാധിച്ച മകന് ചികിത്സ വൈകി; ഫേസ്ബുക്ക് ലൈവ് നല്‍കിയ പിതാവിനെതിരെ കേസെടുത്ത് ജയിലിലടച്ചു

കോഴിക്കോട്: പനി ബാധിച്ച തന്റെ മകന് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ വൈകിയ സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തു പറഞ്ഞ പിതാവിനെതിരെ പൊലീസ് കേസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് ഉള്ളിയേരി സ്വദേശി ഷൈജുവിനെ ജയിലില്‍ അടച്ചത്. 

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ പരാതിയില്‍ സംഭവം നടന്ന് 5 ദിവസത്തിന് ശേഷം സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. കടുത്ത പനി ബാധിച്ച മകനുമായി ഈ മാസം എട്ടിനാണ് ഷൈജു കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിയത്. 

ഉച്ചയ്ക്ക് 3.40ന് ഒപി ടിക്കറ്റ് എടുത്ത് വൈകുന്നേരം ആറ് മണിവരെ അവശനായ മകനുമായി ക്യുവില്‍ നിന്നു. ഈ സമയം വരി നില്‍ക്കാതെ പലരും ഡോക്ടറെ കണ്ടു മടങ്ങി. ഇതില്‍ പ്രതിഷേധിച്ചാണ് ഷൈജു ഫേസ്ബുക്ക് ലൈവ് നല്‍കിയത്. 

എന്നാല്‍, ജോലിക്ക് തടസം തീര്‍ത്തെന്ന ഡോക്ടറുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് ഷൈജുവിനെതിരെ കേസെടുക്കുകയായിരുന്നു. കൊയിലാണ്ടി ജയിലിലാണ് ഇപ്പോള്‍ ഷൈജുവുള്ളത്. മനുഷ്യാവകാശ ലംഘനമാണ് ഷൈജുവിനെതിരെ ഉണ്ടായത് എന്ന വാദവും ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com