മദ്യപിക്കാന്‍ 100 രൂപ നല്‍കിയില്ല; 35കാരന്‍ അച്ഛനെ മര്‍ദിച്ചു കൊന്നു; കൊലപാതകം തെളിഞ്ഞത് നാട്ടുകാര്‍ക്ക് തോന്നിയ സംശയത്തില്‍

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണു പ്രതി കുറ്റം സമ്മതിച്ചത്
മദ്യപിക്കാന്‍ 100 രൂപ നല്‍കിയില്ല; 35കാരന്‍ അച്ഛനെ മര്‍ദിച്ചു കൊന്നു; കൊലപാതകം തെളിഞ്ഞത് നാട്ടുകാര്‍ക്ക് തോന്നിയ സംശയത്തില്‍

ചങ്ങനാശ്ശേരി; മദ്യപിക്കാന്‍ 100 രൂപ നല്‍കാത്തതിന്റെ പേരില്‍ മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു. പായിപ്പാട് കൊച്ചുപള്ളിയിലെ വാഴപ്പറമ്പില്‍ തോമസ് വര്‍ക്കിയെ (കുഞ്ഞപ്പന്‍- 76) 18നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നന നിഗമനത്തില്‍ 19 ന് സംസ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ക്ക് തോന്നിയ സംശയമാണ് കൊലപാതകം പുറത്തുകൊണ്ടുവന്നത്. സംഭവത്തില്‍ മകന്‍ ജോസഫ് തോമസിനെ (അനി 35) അറസ്റ്റു ചെയ്തു. 

നാട്ടുകാര്‍ സംശയം പറഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണു പ്രതി കുറ്റം സമ്മതിച്ചത്. മക്കളായ അനിയ്ക്കും സിബിയ്ക്കുമൊപ്പമാണ് കുഞ്ഞപ്പന്‍ താമസിച്ചിരുന്നത്. കുഞ്ഞപ്പന്റെ ഭാര്യ ചിന്നമ്മ മകള്‍ക്കൊപ്പം റാന്നിയിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഇരട്ടസഹോദരങ്ങളായ അനിയും സിബിയും മദ്യലഹരിയില്‍ പിതാവ് കുഞ്ഞപ്പനുമായി വഴക്കുണ്ടാക്കുന്നതു പതിവാണ്.

17ന് രാവിലെ കുഞ്ഞപ്പന്‍ ബാങ്ക് അക്കൗണ്ടിലെ  പെന്‍ഷന്‍ തുക 1000 രൂപ പിന്‍വലിച്ചിരുന്നു. ഇതില്‍ നിന്ന്‌ 200 രൂപ വീതം അനിക്കും സിബിക്കും കുഞ്ഞപ്പന്‍ നല്‍കി.  വൈകിട്ട് മദ്യപിച്ച ശേഷം വീട്ടില്‍ എത്തിയ അനി വീണ്ടും 100 രൂപ കുഞ്ഞപ്പനോട് ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ച കുഞ്ഞപ്പനെ അനി ഉപദ്രവിച്ചു. 

സിബിയും വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ മര്‍ദനം തടയാന്‍ എത്തിയപ്പോള്‍ ഇടതു തുടയില്‍ അനി കടിച്ചതോടെ സിബി പിന്‍മാറി അടുത്ത മുറിയില്‍ പോയി കിടന്നുറങ്ങി. ബഹളം തുടര്‍ന്ന അനി കുഞ്ഞപ്പനെ പിടിച്ചു തള്ളി. ഭിത്തിയിലും തുടര്‍ന്ന് കട്ടിലിന്റെ പിടിയിലും തല ഇടിച്ചു വീണ കുഞ്ഞപ്പനെ അനി തറയില്‍ ഇട്ടു ചവിട്ടുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. 

കുറച്ചു സമയത്തിനു ശേഷം കുഞ്ഞപ്പനെ കട്ടിലില്‍ കിടത്തിയ ശേഷം അനി കിടന്നുറങ്ങിയെന്നും പൊലീസ് പറഞ്ഞു.18ന് രാവിലെ അനിയും സിബിയും വീട്ടില്‍ നിന്നു പോയി. ഉച്ചയോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് മുറിക്കുള്ളില്‍ കുഞ്ഞപ്പന്‍ അനക്കമില്ലാതെ കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് എടുക്കാന്‍ എത്തിയ ചിലര്‍ തലയുടെ പിന്‍വശത്തു രക്തം കട്ടപിടിച്ചു കിടക്കുന്നതു കണ്ട് സംശയം തോന്നി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. 

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞപ്പന്റെ ശരീരത്തില്‍ 30 മുറിവുകളുള്ളതായാണ് കണ്ടെത്തിയത്. ഇതില്‍ 8 എണ്ണം ഗുരുതരമാണ്. കഴുത്തിലെ അസ്ഥികള്‍ ഒടിഞ്ഞു. ഇടതുവശത്തെ 2 വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. ഇത് ചവിട്ടിയതിനിടയില്‍ സംഭവിച്ചതാകാമെന്നു പൊലീസ് പറഞ്ഞു. വയറില്‍ ഉള്‍പ്പെടെ 3 ഭാഗത്ത് ചതവുകളും കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com