വീട്ടില്‍ കോഴിക്കറിവച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി; സംഭവം ഇങ്ങനെ

യഥാര്‍ത്ഥത്തില്‍ കോഴി അല്ല കൂടെ ജോലി ചെയ്യുന്ന ആളാണ് ഉദ്യോഗസ്ഥനിട്ട് പാരവെച്ചത്
വീട്ടില്‍ കോഴിക്കറിവച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി; സംഭവം ഇങ്ങനെ

കുമളി; വീട്ടില്‍ കോഴിക്കറിവെച്ചതിന് വനംവകുപ്പ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. പെരിയാര്‍ വന്യജീവി സങ്കേതം ഈസ്റ്റ് ഡിവിഷനിലെ ജീവനക്കാരനാണ് ഒരു കോഴിക്കറി പണികൊടുത്തത്. യഥാര്‍ത്ഥത്തില്‍ കോഴി അല്ല കൂടെ ജോലി ചെയ്യുന്ന ആളാണ് ഉദ്യോഗസ്ഥനിട്ട് പാരവെച്ചത്. ഉദ്യോഗസ്ഥന്റെ വീട്ടിലുണ്ടാക്കിയ കോഴിക്കറി സഹപ്രവര്‍ത്തകന്‍ കഴിച്ചിരുന്നു. 

നാട്ടുകോഴിയെ അല്ല കാട്ടുകോഴിയെ അല്ലേ താനിപ്പോള്‍ കഴിച്ചത് എന്ന് ജീവനക്കാരന് സംശയമായി. പിന്നെ ഒന്നും നോക്കിയില്ല മേല്‍ഉദ്യോഗസ്ഥനെ വിളിച്ച് പരാതിപറഞ്ഞു. സംഭവത്തിന്റെ സത്യം അറിയാനായി കറിവെച്ച ജീവനക്കാരനെ വിളിച്ച് വിശദീകരണം തേടി. താന്‍ കറിവെച്ചത് നാട്ടുകോഴിയെ തന്നെയാണെന്ന് ഉദ്യോഗസ്ഥന്‍ ഉറപ്പിച്ചു പറഞ്ഞെങ്കിലും മേലുദ്യോഗസ്ഥന് തൃപ്തി വന്നില്ല. സഹപ്രവര്‍ത്തകന്‍ പരാതി പറയുന്നതിന്റെ ഫോണ്‍സംഭാഷണം ജീവനക്കാരനെ കേള്‍പ്പിച്ചു. 

ഇതോടെ തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് പരാതിയ്ക്ക് പിന്നിലെന്ന് ആരോപിച്ചു. ഉന്നതഉദ്യോഗസ്ഥന്റെ ഓഫിസില്‍ നിന്ന് നേരെ എത്തിയത് തന്റെ കറികഴിച്ച് പാരപണിത സഹപ്രവര്‍ത്തകന്റെ അടുത്തേക്കാണ്. പിന്നെ കോഴിക്കറിയുടെ പേരില്‍ ഇരുവരുംതമ്മില്‍ ഏറ്റുമുട്ടി. മറ്റ് ജീവനക്കാര്‍ ഇടപെട്ട് തല്‍ക്കാലം രംഗം ശാന്തമാക്കിയെങ്കിലും ഇരുവരും ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നത് പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും എന്ന് മനസിലാക്കിയതോടെയാണ് കോഴിക്കറി വെച്ചആളെ 15 കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു റേഞ്ചിലേക്ക് മാറ്റിയത്. സംഭവം വനംവകുപ്പ് ജീവനക്കാരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇനി വീട്ടില്‍ കറിവെക്കാന്‍ കോഴിയെ വാങ്ങിയാല്‍ ഫോട്ടോ എടുത്തുവെക്കേണ്ടിവരുമോ എന്നാണ് അവരുടെ ചോദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com