'ഈ ശകുനിയാണ് അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് അലങ്കോലമാക്കിയതിലെ ഒന്നാം പ്രതി'; അശാന്തന്റെ പേരിലുളള അവാര്‍ഡ് നിരസിച്ചതിനെ കുറിച്ച് സിന്ധു ദിവാകരന്‍

അന്തരിച്ച ചിത്രകാരന്‍ അശാന്തന്റെ പേരില്‍ ഇടപ്പളളി വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം വേദിയില്‍ വച്ച് ചിത്രകാരി സിന്ധു ദിവാകരന്‍ നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു
'ഈ ശകുനിയാണ് അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് അലങ്കോലമാക്കിയതിലെ ഒന്നാം പ്രതി'; അശാന്തന്റെ പേരിലുളള അവാര്‍ഡ് നിരസിച്ചതിനെ കുറിച്ച് സിന്ധു ദിവാകരന്‍

കൊച്ചി: അന്തരിച്ച ചിത്രകാരന്‍ അശാന്തന്റെ പേരില്‍ ഇടപ്പളളി വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം വേദിയില്‍ വച്ച് ചിത്രകാരി സിന്ധു ദിവാകരന്‍ നിരസിച്ചത് വലിയ വാര്‍ത്തയായിരുന്നു. അശാന്തന്റെ മൃതദേഹം ദര്‍ബാര്‍ ആര്‍ട് ഗ്യാലറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അശാന്തനെ അപമാനിക്കുന്ന നിലപാടെടുത്ത ലളിതകലാ ചെയര്‍മാന്‍ പൊന്ന്യം ചന്ദ്രനെ ചടങ്ങിലേക്ക് ക്ഷണിച്ചതിലുളള പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടായിരുന്നു സിന്ധു ദിവാകരന്‍ അവാര്‍ഡ് നിരസിച്ചത്. ഇപ്പോള്‍ ഈ വിഷയത്തില്‍ സിന്ധു ദിവാകരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ചര്‍ച്ചയാകുകയാണ്.

'അശാന്തനെ അപമാനിച്ച പൊന്ന്യം ചന്ദ്രന്‍ തന്നെയാണ് അശാന്തന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സമര്‍പ്പണസമ്മേളനത്തിന്റെ ഉല്‍ഘാടകന്‍... ഇതാണോ അശാന്തനു വേണ്ടി കാലം കാത്തു വച്ച കാവ്യനീതി... അശാന്തന്റെ ഓര്‍മ്മകളോട് എന്നെക്കൊണ്ട് ആവുന്ന വിധത്തില്‍ നീതി കാട്ടുവാന്‍ കഴിഞ്ഞുവെന്നുള്ള സമാധാനം എനിക്കുണ്ട്.' - സിന്ധു ദിവാകരന്‍ കുറിച്ചു.

'മണിയടിവീരനായ ഒരു നീലക്കുറുക്കാനാണ് ബാങ്ക് ഭരണാധികാരികളെ കബളിപ്പിച്ചു ഹീനനായ പൊന്ന്യം ചന്ദ്രനെന്ന കൂറ്റവാളിയെ, മാമോദീസ മുക്കാന്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങിലേക്ക് ക്ഷണിച്ചു വരുത്തിയത്. ഇയാള്‍ ചിത്രം വരച്ചു ഷാജി എന്‍ കാരുണിനെ മാത്രമല്ല കവിതയെഴുതി അശാന്തനെയും അപമാനിച്ചിട്ടുണ്ട്.ബാങ്ക് അമിതമായി വിശ്വാസം അര്‍പ്പിച്ച ഈ ശകുനിയാണ് അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് അലങ്കോലമാക്കിയതിലെ ഒന്നാം പ്രതി.'

'എനിക്ക് ലഭിച്ച അവാര്‍ഡ് തുകയായ 25000 രൂപ അശാന്തന്റെ വീടു പണിയുന്നതിനുള്ള സഹായനിധിയിലേക്കു നല്‍കുവാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു, അത് ബാങ്ക് അധികാരികളെ അറിയിക്കുകയും ചെയ്തിരുന്നു, എന്നാല്‍ അത് സാധ്യമാകാത്ത നിലയിലേക്ക് മേല്‍ സൂചിപ്പിച്ച നീല കുറുക്കന്‍ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചു.'- സിന്ധു ദിവാകരന്‍ കുറിച്ചു.


കുറിപ്പിന്റെ പൂര്‍ണരൂപം

അശാന്തന്‍ അവാര്‍ഡ് ഞാന്‍ നിരസിച്ചു. ഇവിടെ വീണ്ടും അശാന്തന്റെ ഓര്‍മ്മകള്‍ ഒരിക്കല്‍ കൂടി അപമാനിക്കപ്പെട്ടു.
അശാന്തന്റെ മൃതദേഹത്തെ അപമാനിച്ചവനാണ് പൊന്ന്യം ചന്ദ്രന്‍.
അശാന്തന്റെ ഓര്‍മ്മകള്‍ തുടിക്കുന്ന ഈ മണ്ണില്‍വച്ച് അദ്ദേഹത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വീകരിക്കുവാന്‍ എനിക്ക് അതിയായ സന്തോഷമുണ്ടായിരുന്നു,
എന്നാല്‍ വര്‍ഗീയവാദികള്‍ക്കൊപ്പം നിന്ന് അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച പൊന്ന്യന്‍ ചന്ദ്രന്‍ ഈ അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ചു കൊണ്ട് ഞാന്‍ തീവ്രമായ ദുഖത്തോടെ പ്രഥമ അശാന്തന്‍ അവാര്‍ഡ് നിരാകരിച്ചു. അവാര്‍ഡ് സമര്‍പ്പണം നടന്നത് ദര്‍ബാര്‍ഹാളിലായിരുന്നു. അശാന്തനെ പൊന്ന്യന്‍ ചന്ദ്രനും വര്‍ഗീയവാദികളും ചേര്‍ന്ന് അപമാനിച്ചതും ഈ ദര്‍ബാര്‍ ഹാളില്‍ വച്ചതായിരുന്നു. അശാന്തനെ അപമാനിച്ച പൊന്ന്യം ചന്ദ്രന്‍ തന്നെ അശാന്തന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് സമര്‍പ്പണസമ്മേളനത്തിന്റെ ഉല്‍ഘാടകന്‍.......!! ഇതാണോ അശാന്തനു വേണ്ടി കാലം കാത്തു വച്ച കാവ്യനീതി...! അശാന്തന്റെ ഓര്‍മ്മകളോട് എന്നെക്കൊണ്ട് ആവുന്ന വിധത്തില്‍ നീതി കാട്ടുവാന്‍ കഴിഞ്ഞുവെന്നുള്ള സമാധാനം എനിക്കുണ്ട്.

ഇടപ്പള്ളി വടക്കുംഭാഗം സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ അശാന്തന്‍ പുരസ്‌കാരം ലഭിച്ചതില്‍ എനിക്ക് സന്തോഷവും അഭിമാനമുണ്ട്. എന്നാല്‍ അശാന്തന്റെ മൃതദേഹത്തെ നിഷ്‌ക്കരുണം അപമാനിച്ച ഒരാള്‍ പുരസ്‌ക്കാര സമര്‍പ്പണ ചടങ്ങില്‍ ആശംസിക്കാന്‍ എത്തുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. മരണശേഷം അപമാനിക്കപ്പെട്ട ഒരു കലാകാരനാണ് അശാന്തന്‍. ദളിതനായി പിറന്നത് കൊണ്ട് മാത്രം അപമാനിതനായ കലാകാരന്‍. അശാന്തന്റെ മൃതദേഹത്തെ അപമാനിച്ചത് വര്‍ഗ്ഗീയ വാദികളും ലളിതകലാ അക്കാഡമി സെക്രട്ടറി ചന്ദ്രനും ചേര്‍ന്നായിരുന്നു. അശാന്തന്‍ നിരന്തരം വന്നിരിക്കാറുണ്ടായിരുന്ന ലളിതകലാ അക്കാഡമിയില്‍ അദ്ദേഹത്തിന്റെ മൃതദേഹം പ്രദര്‍ശനത്തിന് വക്കണമെന്ന് സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് തീരുമാനിക്കുകയും അതംഗീകരിക്കുകയും ചെയ്തു. മൃതദേഹം പ്രദര്‍ശനത്തിന് ഡര്‍ബാര്‍ ഹാളിലേക്ക് കൊണ്ടു വന്നപ്പോള്‍ വര്‍ഗ്ഗീയ വാദികള്‍ തടഞ്ഞു. അക്കാഡമിയുടെ അധികാര പരിധിയിലുള്ള ഡര്‍ബാര്‍ ഹാള്‍ ഗ്യാലറിയില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അവകാശം ലളിതകലാ അക്കാഡമിയില്‍ മാത്രം നിക്ഷിപ്തമായിരിക്കെ അശാന്തന്റെ മൃതദേഹത്തെ സംഘപരിവാര്‍ നിര്‍ദ്ദേശപ്രകാരം പിന്‍വാതിലിലൂടെ കൊണ്ടുവന്ന് കിഴക്കേ വരാന്തയില്‍ കിടത്തുകയായിരുന്നു.... വര്‍ഗീയവാദികളുടെ ആജ്ഞക്ക് കീഴടങ്ങുകയായിരുന്നു നികൃഷ്ടനായ അക്കാഡമി സെക്രട്ടറി പൊന്യന്‍ ചന്ദ്രന്‍. സംഘപരിവാറിനൊപ്പം നിന്ന് അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച പൊന്ന്യം ചന്ദ്രന്റെ നിലപാടിനെതിരെ സമൂഹത്തിന്റെ നാനാ മേഖലകളില്‍ നിന്നും അന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ തലത്തില്‍ നിന്നുപോലും വിമര്‍ശനം ഉയര്‍ന്ന നടപടിയാണ് ചന്ദ്രന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഡര്‍ബാര്‍ ഹാളിന്റെ മുറ്റത്ത് തന്നെയാണ് പൊന്ന്യം ചന്ദ്രന്റെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തിക്കെതിരെ ആദ്യ പ്രതിഷേധം നടന്നത്. അശാന്തനെ അപമാനിച്ച നീചനെതിരെ ബഹുമാനപ്പെട്ട സാനുമാഷും. സഖാവ് പി. രാജീവും, സത്യപാല്‍ സാറും, ശ്രീ രവിക്കുട്ടനും, ശ്രീ ജോഷി ഡോണ്‍ബോസ്‌കോയും, ശ്രീ സേവ്യര്‍ പുല്‍പ്പാടും, ശ്രീമതി കവിതാ ബാലകൃഷ്ണനും പ്രതിഷേധസ്വരം ഉയര്‍ത്തി കൊണ്ടു പ്രസംഗിച്ചു.
ഈ യോഗത്തില്‍ വച്ചാണ് അക്കാഡമിസെക്രട്ടറി പൊന്ന്യം ചന്ദ്രന്റെ ഹീന നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട് ലളിതകലാ അക്കാഡമി എക്‌സിക്യുട്ടീവ് അംഗത്വം ബഹുമുഖ പ്രതിഭയായ ശ്രീമതി കവിതാ ബാലകൃഷ്ണന്‍ രാജി വച്ചത്. അന്ന് നൂറുകണക്കിന് കലാകാരന്‍മാര്‍ ഡര്‍ബാര്‍ ഹാള്‍ അങ്കണനത്തില്‍ ചിത്രം വരച്ചു തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. പിന്നീട് നിരവധി പ്രതിക്ഷേധയോഗങ്ങള്‍ സംസ്ഥാനത്തുടനീളം നടന്നു. അശാന്തന്റെ മൃതദേഹത്തെ അപമാനിക്കുന്നതിന് കൂട്ടാളിയായി പ്രവര്‍ത്തിച്ച പൊന്യന്‍ ചന്ദ്രനെ അശാന്തം പുരസ്‌കാരസമര്‍പ്പണ വേളയില്‍ ആശംസ പ്രസംഗത്തിന് ക്ഷണിച്ചതിലൂടെ അശാന്തന്റെ തുടിച്ച് നില്‍ക്കുന്ന ഓര്‍മ്മകളെക്കൂടി അപമാനിക്കുകയാണ്. ഈ നിലപാടിനെതിരെ ഞാന്‍ പ്രതിഷേധിക്കുന്നു, അവാര്‍ഡ് നിരസിക്കുന്നു. അവാര്‍ഡ് ഏര്‍പ്പെടുത്തിയ ബാങ്ക് അധികാരികക്ക് ഇതില്‍ പങ്കില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു....
എന്നാല്‍ ദളിതരോട് പകയുമായി നടക്കുന്ന കുറ്റവാളിയെ വെള്ള പൂശുവാനുള്ള, ഭിക്ഷാംദേഹികളായ ചിലരുടെ താപ്പര്യമാണ് ഇതിനു പിന്നില്‍..... ചിത്രഭാഷയെന്തന്നറിയാത്ത, വിഷ്വല്‍ സെന്‍സിബിലിറ്റി തൊട്ടു തീണ്ടിയിട്ടില്ലാത്ത, ചിത്രകാരന്‍ ചമഞ്ഞു നടക്കുന്ന, സി പി എമ്മില്‍ വിഭാഗീയത കളിച്ചു പാര്‍ട്ടിയെ പിന്നില്‍നിന്ന് കുത്താനായി ഏറെനാള്‍ കത്തിയും രാകിനടന്ന മണിയടിവീരനായ ഒരു നീലക്കുറുക്കാനാണ് ബാങ്ക് ഭരണാധികളെ കബളിപ്പിച്ചു ഹീനനായ പൊന്ന്യം ചന്ദ്രനെന്ന കൂറ്റവാളിയെ, മാമോദീസ മുക്കാന്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങിലേക്ക് ക്ഷണിച്ചു വരുത്തിയത്. ഇയാള്‍ ചിത്രം വരച്ചു ഷാജി എന്‍ കാരുണിനെ മാത്രമല്ല കവിതയെഴുതി അശാന്തനെയും അപമാനിച്ചിട്ടുണ്ട്.
ബാങ്ക് അമിതമായി വിശ്വാസം അര്‍പ്പിച്ച ഈ ശകുനിയാണ് അവാര്‍ഡ് സമര്‍പ്പണ ചടങ്ങ്
അലംകോലമാക്കിയതിലെ ഒന്നാം പ്രതി.
അശാന്തനെ പൊന്ന്യം ചന്ദ്രന്‍ അപമാനിച്ച ചരിത്രമറിയുന്ന ബഹു : മന്ത്രിയുള്‍പ്പെടെയുള്ള വിശിഷ്ടരായ അതിഥികള്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു. അബദ്ധത്തില്‍ വന്നുപെട്ട ബഹു : എം എല്‍ എ പൊന്ന്യം ചന്ദ്രന്റെ തറ പ്രസംഗം സഹിക്കവയ്യാതെ സ്ഥലം വിട്ടു. പൊന്ന്യം ചന്ദ്രന്‍ എന്ന അശ്ലീലം അവാര്‍ഡ് സമര്‍പ്പണ വേദി കുമ്പസാര കൂടാക്കി മാറ്റുകയും ചെയ്തു.
എനിക്ക് ലഭിച്ച അവാര്‍ഡ് തുകയായ 25000 രൂപ അശാന്തന്റെ വീടു പണിയുന്നതിനുള്ള സഹായനിധിയിലേക്കു നല്‍കുവാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു, അത് ബാങ്ക് അധികാരികളെ അറിയിക്കുകയും ചെയ്തിരുന്നു, എന്നാല്‍ അത് സാധ്യമാകാത്ത നിലയിലേക്ക് മേല്‍ സൂചിപ്പിച്ച നീല കുറുക്കന്‍ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചു. ബാങ്കിനോടുള്ള നന്ദി ഞാന്‍ ഒരിക്കല്‍ക്കൂടി രേഖപ്പെടുത്തുന്നു.......പ്രത്യേകിച്ച് ബാങ്ക് ചെയര്‍മാന്‍ സഖാവ് ഇഗ്‌നേഷ്യസിനോട്. ഇനിയെങ്കിലും ഇങ്ങനെയുള്ള പരിപാടികള്‍ സഘടിപ്പിക്കുമ്പോള്‍ ചിത്രകലയെക്കുറിച്ച് സാമാന്യ വിവരവും സമൂഹത്തോട് അനുകമ്പയും കുറച്ചൊക്കെ ചരിത്രബോധവും ഉള്ള നല്ല മനുഷ്യരെ ഏല്‍പ്പിക്കണമെന്ന് ബാങ്ക് അധികാരികളോട് ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു.
ദളിതരെ അപമാനിക്കുന്നത് വിനോദമാക്കിയവരെ ആദരിക്കുന്ന സംസ്‌കാരം വടക്കേ ഇന്ത്യയുടേതാണ് കേരളത്തിന്റേതല്ല..................
ഞാന്‍ അവാര്‍ഡ് നിഷേധിക്കേണ്ട നിലയിലേക്ക്, ചരിത്രം മറന്നു നിലപാടുകള്‍ സ്വീകരിച്ചവരെ ഓര്‍ത്തു ഞാന്‍ ലജ്ജിച്ചു തല കുനിക്കുന്നു. എന്റെ നിലപാടിനു പിന്‍തുണ അറിയിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

സ്‌നേഹപൂര്‍വ്വം
സിന്ധു ദിവാകരന്‍
21 9  2019

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com