കോന്നിയില്‍ കെ സുരേന്ദ്രന്‍; കുമ്മനത്തേയും സെന്‍കുമാറിനേയും ഉള്‍പ്പെടുത്തി ബിജെപി സാധ്യതാ പട്ടിക

അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തയ്യാറാക്കി
കോന്നിയില്‍ കെ സുരേന്ദ്രന്‍; കുമ്മനത്തേയും സെന്‍കുമാറിനേയും ഉള്‍പ്പെടുത്തി ബിജെപി സാധ്യതാ പട്ടിക

കൊച്ചി: അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തയ്യാറാക്കി. കോന്നി മണ്ഡലത്തിലേക്ക് കെ സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. മഞ്ചേശ്വരം പട്ടികയിലും സുരേന്ദ്രന്റെ പേരുണ്ട്.  

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോന്നിയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ലോക്‌സഭയിലേക്ക് പത്തനംതിട്ടയില്‍ നിന്ന് മത്സരിച്ചത് കെ സുരേന്ദ്രനായിരുന്നു. കോന്നിയില്‍ ടിപി സെന്‍കുമാറിന്റെ പേരുമുണ്ട്. 

കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കിയത്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കും. കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം എംടി രമേശാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പേര് സാധ്യതാ പട്ടികയിലുണ്ട്. മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന കുമ്മനം രാജശേഖരന്റെ വ്യക്തിപരമായ വിയോജിപ്പ് കണക്കിലെടുക്കാതെയാണ് അദ്ദേഹത്തെയും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വട്ടിയൂര്‍കാവില്‍ നിന്ന് മത്സരിക്കേണ്ടവരുടെ പട്ടികയില്‍ അദ്ദേഹത്തെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എറണാകുളത്ത് ബി ഗോപാലകൃഷ്ണന്റെ പേരിനാണ് മുന്‍ഗണന. 

വട്ടിയൂര്‍കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബിജെപിക്ക് വിജയ സാധ്യത ഉള്ളതായി വിലയിരുത്തുന്നത്. ഇവിടെ രണ്ടിടത്തും മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തുകയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. പ്രാഥമിക പട്ടിക കേന്ദ്ര നേതൃത്വത്തിന് ഉടന്‍ കൈമാറും. രണ്ട് ദിവസത്തിനകം അന്തിമ തീരുമാനം കേന്ദ്ര നേതൃത്വത്തില്‍ നിന്നുണ്ടാകും. 

സ്ഥാനാര്‍ഥികളെ പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് പാര്‍ട്ടി രീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാന നേതാക്കള്‍ മത്സര രംഗത്തുണ്ടാകുമെന്ന് അദ്ദേഹം എംടി രമേശ് പറഞ്ഞു. വാശിയേറിയ മത്സരം അഞ്ചിടങ്ങളിലും കാഴ്ചവെക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com