ടോം വടക്കന്‍ വരുമോ?; എറണാകുളത്ത് പൊതുസമ്മതനെ തിരക്കി ബിജെപി, ചര്‍ച്ചകള്‍ സജീവം

കാലങ്ങളായി ലത്തീന്‍ മണ്ഡലമായി കരുതിപോരുന്ന എറണാകുളം നിയമസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിനുളള ചര്‍ച്ചകള്‍ ബിജെപിയില്‍ സജീവമായി
ടോം വടക്കന്‍ വരുമോ?; എറണാകുളത്ത് പൊതുസമ്മതനെ തിരക്കി ബിജെപി, ചര്‍ച്ചകള്‍ സജീവം

കൊച്ചി: അഞ്ചുനിയമസഭ മണ്ഡലങ്ങളിലേക്കുളള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ, സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിനുളള ചര്‍ച്ചകള്‍ മുന്നണികളില്‍ സജീവമായി. സര്‍ക്കാരിന്റെ ഭരണവിലയിരുത്തല്‍ എന്ന നിലയില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് അനിവാര്യഘടകമായാണ് എല്‍ഡിഎഫ് കാണുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പുളള സെമിഫൈനല്‍ എന്ന നിലയില്‍, വിജയത്തില്‍ കുറഞ്ഞതൊന്നും യുഡിഎഫും ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്ത് ഇരുമുന്നണികള്‍ക്കും ശക്തമായ എതിരാളിയാണ് എന്ന് തെളിയിക്കാനുളള അവസരമാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക്.

കാലങ്ങളായി ലത്തീന്‍ മണ്ഡലമായി കരുതിപോരുന്ന എറണാകുളം നിയമസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിനുളള ചര്‍ച്ചകള്‍ ബിജെപിയില്‍ സജീവമായി.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കൊണ്ടുവന്നതുപോലെ, ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുന്ന കാര്യവും സജീവമായ പരിഗണനയിലുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പാളയത്തില്‍ എത്തിയ ടോം വടക്കന്‍ പരിഗണന പട്ടികയിലുണ്ടെന്നാണ് വിവരം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടോം വടക്കന്റെ പേര് പറഞ്ഞു കേട്ടിരുന്നു.

ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജനകീയനായ ഒരാളെയും ബിജെപി നോക്കുന്നുണ്ട്. സ്വതന്ത്ര മുഖമുളള ആളെ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കുന്നതിന്റെ സാധ്യതയാണ് തേടുന്നത്. പാര്‍ട്ടിക്കുളളില്‍ നിന്ന് മണ്ഡലം പ്രസിഡന്റ് സി ജി രാജഗോപാല്‍ മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി പത്മജ മേനോന്‍ എന്നിവരുടെയും പേരുകള്‍ കേള്‍ക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 14,878 വോട്ടുകളാണ് പിടിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്നുളള വോട്ടുകളുടെ എണ്ണം 17769 ആയി ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com