''ആ തിരി തെളിയുന്നിടത്താണോ കൃഷ്ണന്‍...'' ഗുരുവായൂര്‍ നടയില്‍ കൗതുകപൂര്‍വം മുഖ്യമന്ത്രി

ഗുരുവായൂര്‍ അമ്പലനടയില്‍ ആദ്യമായാണ് പിണറായി വിജയനെത്തുന്നത്
''ആ തിരി തെളിയുന്നിടത്താണോ കൃഷ്ണന്‍...'' ഗുരുവായൂര്‍ നടയില്‍ കൗതുകപൂര്‍വം മുഖ്യമന്ത്രി

തൃശൂര്‍ : ഗുരുവായൂര്‍ ടെംപിള്‍ പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി. കിഴക്കേ ഗോപുരനടയിലെ ദീപസ്തംഭത്തിനരികില്‍ ഏതാനും നിമിഷം ശ്രീലകത്തേക്ക് നോക്കിനിന്ന മുഖ്യമന്ത്രി കൗതുകപൂര്‍വം ചോദിച്ചു, ''ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്...''.  

ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തുനിന്ന് ശ്രീലകത്തെ വിഗ്രഹം കാണാവുന്ന ക്ഷേത്രങ്ങള്‍ അപൂര്‍വമാണെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് പറഞ്ഞപ്പോഴാണ് മുഖ്യമന്ത്രിയുടെ കൗതുകപൂര്‍വമായ ചോദ്യം. ഗുരുവായൂര്‍ അമ്പലനടയില്‍ ആദ്യമായാണ് പിണറായി വിജയനെത്തുന്നത്. 

പന്തീരടി പൂജകഴിഞ്ഞ് ഉദയാസ്തമന പൂജയ്ക്കിടെ നടതുറന്ന നേരത്തായിരുന്നു മുഖ്യമന്ത്രിയെത്തിയത്. ഈ സമയത്ത് പീലിത്തിരുമുടിചാര്‍ത്തി, പൊന്നോടക്കുഴലുമായി പുഞ്ചിരി തൂകുന്ന ബാലരൂപമായിരുന്നു ഗുരുവായൂപ്പന്. തറക്കല്ലിടലിനുശേഷമുള്ള സമ്മേളനച്ചടങ്ങ് ഗുരൂവായൂര്‍ക്ഷേത്രനടയ്ക്ക് അരികിലുള്ള മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് നടന്നത്. 

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് കയറുന്നതിനുപകരം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് മുഖ്യമന്ത്രിയെ ഇടതുകൈ പിടിച്ച് കിഴക്കേനടയിലെ ദീപസ്തംഭത്തിനരികിലേക്ക് ആനയിക്കുകയായിരുന്നു. ഗുരുവായൂരെന്നത് ഭക്തര്‍ക്ക് വൈകാരികമായി അടുപ്പമുള്ളയിടമാണെന്നും ഇവിടത്തെ സുരക്ഷ ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com