ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍; കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാവും

എറണാകുളത്തെ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്ന ബി ഗോപാലകൃഷ്ണും വിമുഖതെ നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍; കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാവും

കൊച്ചി: ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നേതൃത്വം അറിയിച്ചതായി സൂചന. ഇതോടെ കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയേറി. എറണാകുളത്തെ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്ന ബി ഗോപാലകൃഷ്ണും വിമുഖതെ നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

കോന്നിയില്‍ ശോഭാ സുരേന്ദ്രന്റെ പേരിനൊപ്പം കെ സുരേന്ദ്രനെയും സജീവമായി പരിഗണിച്ചിരുന്നു. ശബരിമല വിഷയം മണ്ഡലത്തില്‍ സജീവ ചര്‍ച്ചാ വിഷയമാക്കാമെന്ന കണക്കുകൂട്ടലിലാണ്, സമരത്തിനു നേതൃത്വം നല്‍കിയ സുരേന്ദ്രനെ ഇവിടെ സ്ഥാനാര്‍ഥിയായി പരിഗണിച്ചത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേന്ദ്രന്‍ അറിയിക്കുകയായിരുന്നു.

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സുരേന്ദ്രന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. മഞ്ചേശ്വരത്ത് വീണ്ടും മത്സരിക്കുമോയെന്ന കാര്യം മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോഴാണ്, പുതിയ സ്ഥാനാര്‍ഥികള്‍ വരട്ടെയെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ 89 വേട്ടിലാണ് സുന്ദ്രേന്‍ യുഡിഎഫിലെ പിബി അബ്ദുല്‍ റസാക്കിനോടു പരാജയപ്പെട്ടത്. റസാക്കിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്.

കോന്നിയില്‍ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും പുറമേ അശോകന്‍ കുളനടയുടെ പേരും ബിജെപി പരിഗണിക്കുന്നുണ്ട്. എന്നാല്‍ ശോഭാ സുരേന്ദ്രനാണ് സാധ്യത കൂടുതലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങളില്‍ മത്സരിച്ച ശോഭാ സുരേന്ദ്രന്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ തന്നെയാവും സ്ഥാനാര്‍ഥിയെന്നാണ് സൂചനകള്‍. കുമ്മനവും നേരത്തെ മത്സരിക്കാനുള്ള താല്‍പ്പര്യക്കുറവ് പരസ്യമാക്കിയിരുന്നെങ്കിലും അദ്ദേഹം തന്നെ മത്സരിക്കണം എന്ന അഭിപ്രായമാണ് നേതൃത്വത്തിന് ഉള്ളത്. ഇക്കാര്യത്തില്‍ ആര്‍എസ്എസിന്റെ നിലപാട് നിര്‍ണായകമാവും. 

എറണാകുളത്ത് ബി ഗോപാലകൃഷ്ണന്‍ പിന്‍മാറിയതോടെ മണ്ഡലം പ്രസിഡന്റ് സിജി രാജഗോപാല്‍ ബിജെപി സ്ഥാനാര്‍ഥിയായേക്കും. പദ്മജ മേനോന്റെ പേരും ഇവിടെ ചര്‍ച്ച ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com