ഗുരുവായൂരില്‍ ആനകളുടെ അകമ്പടിയോടെ മുഖ്യമന്ത്രിക്ക് സ്വീകരണം: പ്രതിഷേധം 

ഗുരുവായൂരില്‍ ആനകളുടെ അകമ്പടിയോടെ മുഖ്യമന്ത്രിക്ക് സ്വീകരണം: പ്രതിഷേധം 

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളുടെ അകമ്പടിയോടെ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരണം. ഗജരത്‌നം പത്മനാഭന്‍ അടക്കമുള്ള ആനകളുടെ അകമ്പടിയോടെയാണ് ക്ഷേത്രനടയില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കിയത്. അതിഥികളെ സ്വീകരിക്കാന്‍ ക്ഷേത്രനടയിലേക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ഇതാദ്യമായാണ്. 

ടെംപിള്‍ പൊലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനാണ് മുഖ്യമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയത്. ക്ഷേത്രത്തിന്റ പ്രധാന കവാടമായ കിഴക്കെനടയില്‍ വിരിച്ച ചുവപ്പ് പരവതാനിയിലൂടെ എത്തിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നിലവിലുള്ള ടെംപിള്‍ പൊലീസ് സ്‌റ്റേഷന്‍ പൊളിച്ച് പുതിയത് പണിയാനാണ് തറക്കല്ലിട്ടത്.

കെ കരുണാകരനു ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെചത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. കിഴക്കേനടയില്‍ ദീപ സ്തംഭത്തിനു മുന്നിലെത്തിയ അദ്ദേഹം അല്‍പനേരം അവിടെ ചെലവഴിച്ചു. ക്ഷേത്രത്തെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസും നല്‍കിയ വിശദീകരണം കേട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഭക്തരെ അകത്തേക്ക് കയറ്റി വിടുന്നത് നിര്‍ത്തിവെച്ചിരുന്നു. 

അതേസമയം, മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ആനകളെ എഴുന്നള്ളിച്ചതില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ഗുരുവായൂരപ്പന്റെ സ്വര്‍ണക്കോലം എഴുന്നള്ളിക്കുന്ന ഗുരുവായൂര്‍ പത്മനാഭന്‍, വലിയകേശവന്‍, ഇന്ദ്രസെന്‍ എന്നീ ആനകളെ മുഖ്യമന്ത്രി പിണറായി വിജയനെ എതിരേല്‍ക്കാനായി ഒരുക്കി നിര്‍ത്തിയത് ക്ഷേത്രാചാരങ്ങളെ അപമാനിക്കുന്നതാണെന്നു ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. ഗുരുവായൂരപ്പനേക്കാള്‍ വലിയ ദൈവമായി പിണറായി വിജയനെ കണ്ട് പ്രസാദിപ്പിക്കാന്‍ ദേവസ്വം ചെയര്‍മാന്‍ നടത്തിയ ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ ക്ഷേത്രാചാരങ്ങള്‍ക്ക് അനുസൃതമായ ചടങ്ങുകള്‍ മാത്രം നടക്കുന്ന മേല്‍പുത്തൂര്‍ ഓഡിറ്റോറിയം സര്‍ക്കാര്‍ പരിപാടിയായ ടെംപിള്‍ പൊലീസ് സ്‌റ്റേഷന്റെ ശിലാസ്ഥാപന സമ്മേളനത്തിന് അനുവദിച്ച ദേവസ്വം നടപടിയില്‍ കേരള ക്ഷേത്രസംരക്ഷണ സമിതിയും പ്രതിഷേധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com