ഡിസിസി പ്രസിഡന്റായാല്‍ ആര്‍ക്കും എന്തും പറയാം; എനിക്കെതിരായ നീക്കം വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതെന്ന് അടൂര്‍ പ്രകാശ്, ' ഈഴവ സ്ഥാനാര്‍ത്ഥി'യില്‍ തമ്മിലടിച്ച് കോണ്‍ഗ്രസ്

കോന്നി ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.
ഡിസിസി പ്രസിഡന്റായാല്‍ ആര്‍ക്കും എന്തും പറയാം; എനിക്കെതിരായ നീക്കം വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയതെന്ന് അടൂര്‍ പ്രകാശ്, ' ഈഴവ സ്ഥാനാര്‍ത്ഥി'യില്‍ തമ്മിലടിച്ച് കോണ്‍ഗ്രസ്

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോന്നിയില്‍ സാമുദായിക സമവാക്യം പരിഗണിക്കണമെന്ന പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷ പ്രതികരണമവുമായി മണ്ഡലത്തിലെ മുന്‍ എംഎല്‍എയും ആറ്റിങ്ങല്‍ എംപിയുമായ അടൂര്‍ പ്രകാശ്. കോന്നിയില്‍ ജയിക്കാന്‍ ഈഴവ സ്ഥാനാര്‍ഥി നിര്‍ബന്ധമില്ലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് അങ്ങനെ ചിന്തിക്കില്ല. നിലപാട് പാര്‍ട്ടിയെ അറിയിക്കുമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. 

സീറ്റ് വിവാദത്തിലെ ഉന്നം തനിക്കെതിരെയാണെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. ഡിസിസി പ്രസിഡന്റായാല്‍ ആര്‍ക്കും എന്തും പറയാമെന്നാണു സ്ഥിതി. തനിക്കെതിരായ നീക്കം വര്‍ഷങ്ങള്‍ക്കു മുന്‍പേ തുടങ്ങിയതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അതേസമയം നേരത്തേ പറഞ്ഞ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു. 

കോന്നിയില്‍ സാമുദായിക സ്വാധീനം പരിഗണിക്കണം. പാര്‍ട്ടി തീരുമാനിക്കുന്ന ആരെയും അംഗീകരിക്കുമെന്നും ബാബു ജോര്‍ജ് വ്യക്തമാക്കി.വ്യക്തിതാല്‍പര്യങ്ങള്‍ കണക്കിലെടുത്തു സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു പോയാല്‍ അപകടം പിണയുമെന്ന് കെപിസിസി നേതൃത്വത്തെ അറിയിച്ചതായും ഡിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു. കോന്നി മുന്‍ എംഎല്‍എ അടൂര്‍ പ്രകാശ് പേര് നിര്‍ദേശിച്ച പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍ക്കെതിരെയാണ് ഡിസിസി നേതൃത്വത്തിന്റെ ഒളിയമ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com