ഫ്ലാറ്റ് ഉടമകൾക്കു തിരിച്ചടി; ഒഴിപ്പിക്കൽ നോട്ടീസിനെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി

ഫ്‌ലാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയില്ലേയെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി
ഫ്ലാറ്റ് ഉടമകൾക്കു തിരിച്ചടി; ഒഴിപ്പിക്കൽ നോട്ടീസിനെ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചതിന് സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച ഫ്‌ലാറ്റില്‍നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ട് നഗരസഭ നല്‍കിയ നോട്ടീസിനെതിരെ ഫ്‌ലാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഫ്‌ലാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയില്ലേയെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി ആരാഞ്ഞു.

ഫ്‌ലാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവില്‍ താമസക്കാരെ ഒഴിപ്പിക്കുന്നതിനെക്കുറിച്ചു പറഞ്ഞിട്ടില്ല. ഏതു നിയമപ്രകാരമാണ് തങ്ങളോട് ഒഴിയാന്‍ നഗരസഭ ആവശ്യപ്പെടുന്നതെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ  നോട്ടീസ് നിയമപരം അല്ലെന്നും റദ്ദാക്കണമെന്നുമാണ് ഫ്‌ലാറ്റ് ഉടമകളായ രണ്ടു പേര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 

തീരദേശ പരിപാലന നിയമം ലംഘിച്ചതിന് ഫ്‌ലാറ്റുകള്‍ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിനെക്കുറിച്ച് അറിയില്ലേയെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി ആരാഞ്ഞു. ആളുകള്‍ ഇത്തരത്തില്‍ നിയമ ലംഘനം നടത്തി പിന്നീട് അതു ക്രമപ്പെടുത്താന്‍ എല്ലാ വഴികളും ആരായും. നിയമ ലംഘനത്തിന് എതിരായ ശക്തമായ നടപടിയാണ് സുപ്രീം കോടതി വിധിയെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഫ്‌ലാറ്റ് ഉടമകള്‍ക്ക് ഇനി ഇക്കാര്യത്തില്‍ സമീപിക്കാവുന്നത് സുപ്രീം കോടതിയെ മാത്രമാണ്. ഉടമകള്‍ക്കു നിര്‍മാതാക്കളില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനായി നിയമ നടപടി സ്വീകരിക്കുകയാണ് ഉടമകള്‍ ചെയ്യേണ്ടതെന്ന് കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com