ഭീഷണിപ്പെടുത്തി പണപ്പിരിവ് : സിപിഐ നേതാക്കള്‍ അറസ്റ്റില്‍

ബഹളം ഒഴിവാക്കാന്‍ മിക്ക സ്ഥാപനങ്ങളും പണം കൊടുത്ത് ഒഴിവാക്കുകയാണ് പതിവ്‌
ഭീഷണിപ്പെടുത്തി പണപ്പിരിവ് : സിപിഐ നേതാക്കള്‍ അറസ്റ്റില്‍

കൊച്ചി : നഗരത്തിലെ ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഭീഷണിപ്പെടുത്തി പിരിവു നടത്തിയ സിപിഐ നേതാക്കള്‍ അറസ്റ്റില്‍. സിപിഐ എറണാകുളം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പറവൂര്‍ വലിയകുളങ്ങര വീട്ടില്‍ ജോഷി (54), എറണാകുളം ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി പനങ്ങാട് മാടവന കുണ്ടംപറമ്പില്‍ വീട്ടില്‍ ഹഷീര്‍ (44) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ അറേബ്യന്‍ ഹോട്ടല്‍ ഉടമ പരീതിന്റെ പരാതിയിലാണ് അറസ്റ്റ്. ഇവര്‍ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കുകയും പൈസ കൊടുക്കാതെ പോകുകയും പതിവായിരുന്നു. പണം ചോദിച്ചാല്‍ ഭക്ഷണത്തിനു നിലവാരം കുറവാണ്, മാലിന്യ പ്രശ്‌നത്തിനു കോര്‍പറേഷനു പരാതി നല്‍കി ഹോട്ടല്‍ പൂട്ടിക്കും എന്നൊക്കെ പറഞ്ഞു ഭീഷണിപ്പെടുത്തുമെന്നും പരീത് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 27ന് ഇവര്‍ പണം ആവശ്യപ്പെട്ട് ഹോട്ടലിലെത്തി. പണം നല്‍കാന്‍ ഉടമ വിസമ്മതിച്ചപ്പോള്‍ ബലമായി പണം കൈക്കലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണു ഹോട്ടലുടമ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ബഹളം ഒഴിവാക്കാന്‍ മിക്ക സ്ഥാപനങ്ങളും പണം കൊടുത്ത് ഒഴിവാക്കുകയാണ് പതിവെന്നും പരീത് സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com