ഇന്റര്‍സിറ്റി എക്‌സ് പ്രസ് സ്വകാര്യ മേഖലയ്ക്ക് ? ; നിര്‍ദേശവുമായി റെയില്‍വേ

വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച  ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്
ഇന്റര്‍സിറ്റി എക്‌സ് പ്രസ് സ്വകാര്യ മേഖലയ്ക്ക് ? ; നിര്‍ദേശവുമായി റെയില്‍വേ

ന്യൂഡല്‍ഹി : എറണാകുളം- തിരുവനന്തപുരം റൂട്ടിലെ ഇന്റര്‍സിറ്റി എക്‌സ് പ്രസ് ഉള്‍പ്പെടെ രാജ്യത്തെ 14 ഇന്റര്‍സിറ്റി ട്രെയിനുകള്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനൊരുങ്ങി റെയില്‍വേ. ഈ ട്രെയിനുകളുടെ നടത്തിപ്പു ചുമതല സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നിര്‍ദേശം റെയില്‍വേ ബോര്‍ഡ് മുന്നോട്ടുവെച്ചു. വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച ( സെപ്തംബര്‍ 27 ന്) ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. 

കേന്ദ്രസര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതിയില്‍ യാത്രാ ട്രെയിനുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. വിനോദസഞ്ചാരം, തീര്‍ത്ഥാടനം തുടങ്ങിയവക്ക് പ്രാമുഖ്യമുള്ള കേന്ദ്രങ്ങല്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ട്രെയിനുകള്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 

എന്നാല്‍ സ്വകാര്യമേഖലയ്ക്ക് നല്‍കുന്നതിന് തയ്യാറാക്കിയ കരടുരേഖയില്‍ ഡല്‍ഹി-ഹൗറ, ഡല്‍ഹി- മുംബൈ തുടങ്ങി പ്രധാന പാതകള്‍, എറണാകുളം-തിരുവനന്തപുരം, ചെന്നൈ -കോയമ്പത്തൂര്‍, ചെന്നൈ- ബംഗലൂരു, ചെന്നൈ-മധുര, ഡല്‍ഹി-ജയ്പൂര്‍ തുടങ്ങി 14 പാതകലിലെ ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍, ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, സെക്കന്ജരാബാദ് സബര്‍ബന്‍ ട്രെയിനുകള്‍ എന്നിവയാണുള്ളത്. 

2023-24 കാലയളവില്‍ 150 ട്രെയിനുകളുടെ നടത്തിപ്പുചുമതല സ്വകാര്യമേഖലയ്ക്ക് നല്‍കുമെന്നാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ്കുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നത്. ടിക്കറ്റ് വില്‍പ്പന, കോച്ചിലെ സൗകര്യങ്ങള്‍, ഡിസൈന്‍ പരിഷ്‌കാരം, ഭക്ഷണസംവിധാനം തുടങ്ങിയ ചുമതലകളാണ് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത്. ട്രെയിനുകല്‍ സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട്, പരീക്ഷണാടിസ്ഥാനത്തില്‍ ഐആര്‍സിടിസിക്ക് കൈമാറിയ ഡല്‍ഹി- ലക്‌നൗ തേജസ് എക്‌സ്പ്രസ് ഒക്ടോബര്‍ അഞ്ചു മുതല്‍ സര്‍വീസ് ആരംഭിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com