എന്ത് ചെയ്താലും ഒഴിഞ്ഞുപോകില്ലെന്ന് ഫ്‌ലാറ്റ് ഉടമകള്‍; 27നകം വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാന്‍ നഗരസഭ

വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള നീക്കം കടുത്ത മനുഷ്യാവകാശ ലംഘനമാണ്
എന്ത് ചെയ്താലും ഒഴിഞ്ഞുപോകില്ലെന്ന് ഫ്‌ലാറ്റ് ഉടമകള്‍; 27നകം വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാന്‍ നഗരസഭ

കൊച്ചി; ഫ്‌ലാറ്റിലെ വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ മരട് ഫ്‌ലാറ്റ് ഉടമകള്‍. നഗരസഭ എന്തു ചെയ്താലും ഒഴിഞ്ഞു പോകില്ല. വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാനുള്ള നീക്കം കടുത്ത മനുഷ്യാവകാശ ലംഘനമാണ്. സുപ്രീംകോടതിയിലും സര്‍ക്കാരിലും ഇപ്പോഴും വിശ്വാസമുണ്ടെന്നും ഫ്‌ലാറ്റുടമകള്‍ പറഞ്ഞു.

ഫ്‌ലാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ നോട്ടീസ് ചോദ്യം ചെയ്ത് ഫ്‌ലാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് കടുത്ത നടപടികളിലേക്ക് നിഗരസഭ നീങ്ങുന്നത്. ഇത് സംബന്ധിച്ച് കെഎസ്ഇബിക്കും വിവിധ എണ്ണ കമ്പനികള്‍ക്കും നഗരസഭ കത്ത് നല്‍കി. ഈ മാസം 27നകം വൈദ്യുതി, ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കാനാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

അതിനിടെ മരട് ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ പുതിയ ഉദ്യോഗസ്ഥനെ നിയോഗിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനാണ് ചുമതല. സമയബന്ധിതമായി പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. മരട് നഗരസഭാ സെക്രട്ടറിയുടെ ചുമതലയാണ് സ്‌നേഹില്‍ കുമാര്‍ സിംഗിന് നല്‍കിയിരിക്കുന്നത്. 

ഫ്‌ലാറ്റ് പൊളിച്ച് മാറ്റാത്തതിനെതിരേ കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. ഫ്‌ലാറ്റുകള്‍ എന്ന് പൊളിക്കണമെന്ന് വെള്ളിയാഴ്ച വ്യക്തമായ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com