കുറുപ്പിന്റെ വിജയത്തില്‍ ഉറപ്പില്ല ; പീതാംബരക്കുറുപ്പിനെതിരെ  വട്ടിയൂര്‍ക്കാവില്‍  പ്രതിഷേധം, കോണ്‍ഗ്രസില്‍ പ്രതിസന്ധി 

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലെത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്
കുറുപ്പിന്റെ വിജയത്തില്‍ ഉറപ്പില്ല ; പീതാംബരക്കുറുപ്പിനെതിരെ  വട്ടിയൂര്‍ക്കാവില്‍  പ്രതിഷേധം, കോണ്‍ഗ്രസില്‍ പ്രതിസന്ധി 

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ എംപി എന്‍ പീതാംബരക്കുറുപ്പിന്റെ പേരിന് മുന്‍തൂക്കം ലഭിച്ചതോടെ, പ്രതിഷേധവുമായി പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പീതാംബരക്കുറുപ്പിന് വിജയസാധ്യതയില്ലെന്നും, മണ്ഡലത്തിലുള്ള യുവനേതാക്കളെ ആരെയെങ്കിലും പരിഗണിക്കണമെന്നുമാണ് മണ്ഡലം പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലെത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. 

ഇടതുസ്ഥാനാര്‍ത്ഥിയായി വി കെ പ്രശാന്തും ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനും മല്‍സരിച്ചാല്‍ പീതാംബരക്കുറുപ്പ് ശക്തനായ സ്ഥാനാര്‍ത്ഥിയാകില്ല. മണ്ഡലം കൈമോശം വരുന്നതിനാകും ഇത് ഇടയാക്കുക. കെ മുരളീധരന് കിടപിടിക്കുന്ന സ്ഥാനാര്‍ത്ഥിയെയാണ് വട്ടിയൂര്‍ക്കാവില്‍ നിയോഗിക്കേണ്ടത്. പീതാംബരക്കുറുപ്പിന് വിജയസാധ്യതയില്ല. ഏറ്റവും ചുരുങ്ങിയത് സ്വഭാവദൂഷ്യമില്ലാത്ത ആളെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പട്ടം, വട്ടിയൂര്‍കാവ് ബ്ലോക്ക് കമ്മിറ്റികള്‍ കെപിസിസിക്ക് കത്തും നൽകിയിട്ടുണ്ട്. 

നിലവില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലം കോണ്‍ഗ്രസ് ഐ ഗ്രൂപ്പിന്റെ കയ്യിലുള്ളതാണ്. പീതാംബരക്കുറുപ്പിന്റെ പേരിനോട് രമേശ് ചെന്നിത്തലയും കെ മുരളീധരനും യോജിപ്പാണുള്ളത്. ഇതിനിടെയാണ് കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം ഉയര്‍ന്നത്. അതേസമയം പ്രായം പരിഗണന വിഷയമല്ലെന്നും വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതിന് പരിഗണിക്കുന്നതെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു. ഏറ്റവും യോജിച്ച സ്ഥാനാര്‍ത്ഥിയെയാകും കെപിസിസി നേതൃത്വം തീരുമാനിക്കുകയെന്നും മുരളീധരന്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com