തെരഞ്ഞെടുപ്പു സമിതിയില്‍ തീരുമാനമായില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ നേതാക്കളെ ചുമതലപ്പെടുത്തി

സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയെയും യോഗം ചുമതലപ്പെടുത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ഇന്നു ചേര്‍ന്ന കെപിസിസി തെരഞ്ഞെടുപ്പു സമിതി യോഗത്തില്‍ തീരുമാനമായില്ല. നേതാക്കളുമായി ആശയ വിനിമയം നടത്തി സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയെയും യോഗം ചുമതലപ്പെടുത്തി.

പല മണ്ഡലങ്ങളിലും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പട്ടിക ഹൈക്കമാന്‍ഡിനു കൈമാറും മുമ്പ് കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. സ്ഥാനാര്‍ഥികളെക്കുറിച്ച് പരസ്യമായി അഭിപ്രായങ്ങള്‍ മുന്നോട്ടുവച്ച നേതാക്കള്‍ക്ക് അവ പാര്‍ട്ടയിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യാമെന്ന യോഗം നിര്‍ദേശിച്ചു. തുടര്‍ന്നാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും ചുമതലപ്പെടുത്തിയത്. 

രാവിലെ തെരഞ്ഞെടുപ്പു സമിതി യോഗം തുടങ്ങും മുമ്പ് ഇന്ദിരഭവനു മുന്നില്‍ എന്‍ പീതാംബരക്കുറുപ്പിനെതിരെ നടന്ന പ്രതിഷേധങ്ങളെ നേതാക്കള്‍ വിമര്‍ശിച്ചു. തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഇത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നെന്ന് അവര്‍ പറഞ്ഞു. പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാനാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കുടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നത്. അതിനു ശേഷം നാളെ പട്ടിക ഹൈക്കമാന്‍ഡിനു കൈമാറാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറുപ്പിനെയും എറണാകുളത്ത് ടിജെ വിനോദിനെയും മത്സരിപ്പിക്കാന്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് സൂചനകള്‍. പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും കെ മുരളീധരന്റെ ഉറച്ച പിന്തുണ അദ്ദേഹത്തിനുണ്ട്. താന്‍ സ്ഥാനാര്‍ഥിയായപ്പോഴും ഇത്തരം പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നെന്നും വോട്ടെണ്ണിയപ്പോള്‍ എന്തു സംഭവിച്ചുവെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ എന്നുമാണ്, കുറുപ്പിനെതിരായ പ്രതിഷേധങ്ങളെക്കുറിച്ചു ചോദിച്ചപ്പോള്‍ മുരളീധരന്‍ പ്രതികരിച്ചത്. 

അരൂരില്‍ നേരത്തെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഷാനിമോള്‍ ഉസ്മാനു പകരം എസ് രാജേഷ് സ്ഥാനാര്‍ഥിയാവുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. സാമുദായിക പരിഗണന വച്ചാണ് രാജേഷിന്റെ പേരിനു പ്രാമുഖ്യം കൈവന്നത്. കോന്നിയില്‍ അടൂര്‍ പ്രകാശ് മുന്നോട്ടുവച്ച റോബിന്‍ പീറ്ററിന്റെ പേരിനു തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com