പിഎസ് സി പരീക്ഷാ നടത്തിപ്പ് അവശ്യ സര്‍വീസാക്കുന്നു, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സമാനമായി സേവനം ഉറപ്പാക്കും

പരീക്ഷാ കേന്ദ്രങ്ങളില്‍ പൊലീസിന്റെ സേവനം ലഭ്യമാക്കണം എന്നതാണ് മറ്റൊരാവശ്യം
പിഎസ് സി പരീക്ഷാ നടത്തിപ്പ് അവശ്യ സര്‍വീസാക്കുന്നു, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സമാനമായി സേവനം ഉറപ്പാക്കും

തിരുവനന്തപുരം: പിഎസ് സി പരീക്ഷാ നടത്തിപ്പ് അവശ്യ സര്‍വീസായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ പിഎസ് സി തീരുമാനം. ഭരണാഘടനാപരമായ പിഎസ് സി പരീക്ഷാ നടത്തിപ്പിന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സമാനമായി അധ്യാപകരുടെ സേവനം ഉറപ്പാക്കണം എന്നതുള്‍പ്പെടെയുള്ള ശുപാര്‍ശകള്‍ പിഎസ് സി സര്‍ക്കാരിന് സമര്‍പ്പിക്കും. 

പരീക്ഷാ കേന്ദ്രങ്ങളില്‍ പൊലീസിന്റെ സേവനം ലഭ്യമാക്കണം എന്നതാണ് മറ്റൊരാവശ്യം. ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയച്ചിട്ടുണ്ടെന്നും, പിഎസ് സിയെ ശക്തിപ്പെടുത്താന്‍ അദ്ദേഹം എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പിഎസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ പറഞ്ഞു. 

ഇന്‍വിജലേറ്റര്‍മാരായി അധ്യാപകരെ നിര്‍ബന്ധമായും ഉറപ്പാക്കാനുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബുവുമായി പിഎസ് സി ചെയര്‍മാന്‍ ചര്‍ച്ച ചെയ്തു. വാക്കാലുള്ള നിര്‍ദേശങ്ങള്‍ക്ക് പുറമെ ഉദ്യോഗാര്‍ഥികളെ പരിശോധിക്കാനുള്ള ചുമതലയും ഇന്‍വിജിലേറ്റര്‍മാര്‍ക്കുണ്ടാവും. ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേട് നടക്കുകയാണെങ്കില്‍ ഇന്‍വിജിലേറ്റര്‍മാരും ഉത്തരവാദികളായിരിക്കും. 

ചുറ്റുമതില്‍ ഇല്ലാത്ത സ്‌കൂളുകളില്‍ പരീക്ഷ സമയത്തും, നിശ്ചിത സമയത്തിന് ശേഷവും പുറത്ത് നിന്ന് ആളുകള്‍ കയറുന്നത് ഒഴിവാക്കാനാണ് പൊലീസിന്റെ സഹായം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കണം എന്ന് പിഎസ് സി ആവശ്യപ്പെടുന്നു. പിഎസ് സിയുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സ്ഥിരം വിലക്ക് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com