പിറവം പളളിയില്‍ വന്‍ സംഘര്‍ഷം; പളളി വളപ്പില്‍ പൊലീസ്, നിരോധനാജ്ഞ 

പള്ളിക്ക് അകത്ത് കയറിയ യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാന്‍ പൊലീസ് ശ്രമിച്ചതാണ് വീണ്ടും സംഘര്‍ഷത്തിന് കാരണം
പിറവം പളളിയില്‍ വന്‍ സംഘര്‍ഷം; പളളി വളപ്പില്‍ പൊലീസ്, നിരോധനാജ്ഞ 

കൊച്ചി: പിറവം സെന്റ് മേരീസ് വലിയ പള്ളിയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ. പള്ളിക്ക് അകത്ത് കയറിയ യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാന്‍ പൊലീസ് ശ്രമിച്ചതാണ് വീണ്ടും സംഘര്‍ഷത്തിന് കാരണം. പള്ളിക്ക് അകത്തുള്ള യാക്കോബായ വിഭാഗക്കാരും പള്ളിക്ക് പുറത്തുള്ള ഓര്‍ത്തഡോക്‌സ് വിഭാഗക്കാരും വീണ്ടും പരസ്പരം ഏറ്റുമുട്ടലിന്റെ വക്കോളമെത്തി. ഇന്ന് ഇത് രണ്ടാം തവണയാണ് പിറവം വലിയ പള്ളിയ്ക്ക് മുന്നില്‍ ഓര്‍ത്തഡോക്‌സ് -യാക്കോബായ സംഘര്‍ഷം അരങ്ങേറുന്നത്.

സ്ഥിതി നിയന്ത്രിക്കാന്‍ പള്ളി വളപ്പിനകത്ത് പൊലീസ് കയറിയെങ്കിലും പിന്നീട് പിന്മാറി. പ്രശ്‌നക്കാരെന്ന് കണ്ടെത്തി പള്ളിയില്‍ കയറുന്നതിന് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തിയ 67 യാക്കോബായ വിഭാഗക്കാരെ പുറത്തിറക്കാനാണ് പൊലീസ് ശ്രമിച്ചത്. യാക്കോബായ വിഭാഗത്തിന്റെ വൈദിക ട്രസ്റ്റി അടക്കമുള്ളവര്‍ക്ക് എതിരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥലത്ത് ജില്ലാ കളക്ടര്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. 

നിലവില്‍ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പള്ളിയ്ക്ക് പുറത്ത് പന്തല്‍ കെട്ടി സമരത്തിലാണ്. പള്ളിയ്ക്ക് അകത്ത് യാക്കോബായ വിഭാഗക്കാര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച്, പള്ളിയ്ക്ക് അകത്ത് കയറി പ്രാര്‍ത്ഥന നടത്താന്‍ പൂര്‍ണ അവകാശമുണ്ടെന്നും അത് നടത്താതെ പിരിഞ്ഞുപോകില്ലെന്നുമുളള ഉറച്ചനിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍. രാത്രി മുഴുവന്‍ ഇവിടെ തുടരുമെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പറയുന്നത്. എന്നാല്‍ പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുനല്‍കിയ സുപ്രീംകോടതി ഉത്തരവില്‍ പുനഃപരിശോധന വേണമെന്നും, ഓര്‍ത്തഡോക്‌സുകാരെ പള്ളികള്‍ പിടിച്ചടക്കാന്‍ അനുവദിക്കില്ലെന്നും യാക്കോബായക്കാര്‍ പറയുന്നു. പള്ളിയില്‍ കയറി ഞങ്ങള്‍ പ്രാര്‍ത്ഥന നടത്തട്ടെ, എന്നിട്ടാകാം ചര്‍ച്ചയെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം തിരിച്ചടിക്കുന്നു. 

രാവിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍  പിറവം പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.
രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ കയറും എന്ന് വിവരം ലഭിച്ചതോടെ ഇന്നലെ മുതല്‍ തന്നെ യാക്കോബായ വിശ്വാസികള്‍ കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ പള്ളിക്കകത്ത് സംഘടിച്ചിരുന്നു . 

രാത്രിയായതിനാല്‍, സംഘര്‍ഷസാധ്യതയും അക്രമങ്ങളുണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്ത് ഇനി നടപടികളെടുക്കേണ്ടതില്ലെന്നാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. അക്രമങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള, നിരവധി കേസുകളുള്ള അക്രമികള്‍ പള്ളി പരിസരത്തേയ്ക്ക് എത്തിയിട്ടുണ്ടെന്ന് ഇന്റലിജന്‍സിന് വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ആയിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി പള്ളിക്ക് ചുറ്റും വിന്യസിച്ചിരിക്കുന്നത്. രാത്രി മുഴുവന്‍ സമരം നീളുമെന്നുറപ്പാണ്. 

നാളെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം. സുപ്രീംകോടതി വിധിയനുസരിച്ച് മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികളുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടിയിട്ടും, പിറവം പോലെ, വിശ്വാസികള്‍ പവിത്രമായി കണക്കാക്കുന്ന ഒരു പള്ളിയില്‍ കയറി പ്രാര്‍ത്ഥന നടത്താന്‍ കഴിയുന്നില്ലെന്നും സംസ്ഥാനസര്‍ക്കാരും പൊലീസും ഇതിന് അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം വ്യക്തമാക്കും. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയാകും ഹര്‍ജി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com