പിറവം പള്ളിയില്‍ സുപ്രിംകോടതി വിധി നടപ്പാക്കാനൊരുങ്ങി പൊലീസ് ; പ്രാര്‍ത്ഥനയ്ക്കായി ഓര്‍ത്തഡോക്‌സ് വിഭാഗം; പ്രതിഷേധം; സംഘര്‍ഷാവസ്ഥ

പള്ളിയില്‍ മതപരമായ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു
പിറവം പള്ളിയില്‍ സുപ്രിംകോടതി വിധി നടപ്പാക്കാനൊരുങ്ങി പൊലീസ് ; പ്രാര്‍ത്ഥനയ്ക്കായി ഓര്‍ത്തഡോക്‌സ് വിഭാഗം; പ്രതിഷേധം; സംഘര്‍ഷാവസ്ഥ

കൊച്ചി :ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയില്‍ സുപ്രിംകോടതി വിധി നടപ്പാക്കാനൊരുങ്ങി പൊലീസ്. പള്ളിയില്‍ പൊലീസ് കനത്ത സുരക്ഷ ഒരുക്കി. ഏഴുമണിക്ക് കുര്‍ബാന നടത്താനായി ഓര്‍ത്തഡോക്‌സ് വിഭാഗം എത്തുന്ന പശ്ചാത്തലത്തിലാണിത്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. 

അതേസമയം ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബാനയ്ക്കായി പള്ളിയിലെത്തുന്ന സാഹചര്യത്തില്‍ പ്രതിഷേധവുമായി യാക്കോബായ വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. വിവിധ ഭദ്രാസനങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരും എത്തിയിട്ടുള്ളത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ത്ഥനയ്ക്ക് സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതിയും കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പള്ളിയില്‍ മതപരമായ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. 

സുപ്രീംകോടതി വിധി പ്രകാരമുള്ള നടപടികള്‍ പൊലീസ് സ്വീകരിക്കണം. പൊലീസിന് അതിനുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. പിറവം പള്ളിക്കേസില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പൊലീസ് സംരക്ഷണം നല്‍കുന്നതടക്കം 18 വ്യവസ്ഥകള്‍ ശുപാര്‍ശ ചെയ്ത് പൊലീസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊലീസിന്റെ നിര്‍ദേശങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും സ്ഥിതിഗതികള്‍ വിലയിരുത്തി ക്രമസമാധാനപാലനം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് എന്തു ചെയ്യണമെന്നു കോടതി പറയേണ്ടതില്ല, നിയമപ്രകാരമുള്ള അധികാരപരിധിയില്‍ നിന്ന് നടപടിയെടുക്കണം. ബാഹ്യ പരിഗണനകളില്ലാതെ, സാഹചര്യമനുസരിച്ച് നിയമ പ്രകാരം നടപടിയെടുക്കാന്‍ പൊലീസിനുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യത്തെക്കുറിച്ചു ഹാരിസണ്‍ ഭൂമി കയ്യേറ്റക്കേസില്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ തീര്‍പ്പുണ്ടായതാണെന്നും അതു നടപ്പാക്കുന്ന കാര്യത്തില്‍ മറ്റു വാദങ്ങള്‍ പ്രസക്തമല്ലെന്നും ഹൈക്കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com