പെണ്‍കുട്ടിയെ പാര്‍ക്കില്‍വെച്ച് പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമം; പ്രതി കീഴടങ്ങി

മുഹമ്മദ് ജാസിമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ഇയാള്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്
പെണ്‍കുട്ടിയെ പാര്‍ക്കില്‍വെച്ച് പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമം; പ്രതി കീഴടങ്ങി

കോഴിക്കോട്: കോഴിക്കോട് പാര്‍ക്കില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു എന്ന കേസിലെ പ്രതി കീഴടങ്ങി. തിരുവണ്ണൂര്‍ സ്വദേശി മുഹമ്മദ് ജാസിമാണ് മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. കോഴിക്കോട് നഗരമധ്യത്തിലെ സരോവരം ബയോപാര്‍ക്കില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയാകുന്നത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ കാണിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 

എന്നാല്‍ താന്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ലെന്ന് മുഹമ്മദ് ജാസിം പൊലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും മുഹമ്മദ് ജാസിം പൊലീസിനോട് പറഞ്ഞു. തട്ടികോണ്ടുപോകാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയും ഇയാള്‍ നിഷേധിച്ചു. 

മുഹമ്മദ് ജാസിമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ഇയാള്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. കേസില്‍ അന്വേഷണം നടത്തുന്ന എന്‍ഐഎ സംഘം നാളെ ഇയാളെ ചോദ്യം ചെയ്യും. ഇതിനു ശേഷമേ ഇയാളെ കോടതിയില്‍ ഹാജരാക്കൂ. 

സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ തട്ടിക്കൊണ്ടു പോകുന്ന രംഗങ്ങളില്ലെങ്കിലും പോലീസ് മുഹമ്മദ് ജാസിമിന്റെ മൊഴി മുഖവിലക്കെടുത്തിട്ടില്ല. എന്നാല്‍ പൊലീസ് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന നിലപാടിലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍.
 
കഴിഞ്ഞ ജൂലൈ എഴിനാണ് സരോവരം ബയോപാര്‍ക്കില്‍ വെച്ച് പെണ്‍കുട്ടിയെ പ്രണയം നടിച്ച് മയക്കു മരുന്നു നല്‍കി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മൊബൈലില്‍ പകര്‍ത്തിയ പീഡനദൃശ്യങ്ങളുപയോഗിച്ച്  ഭീക്ഷണിപ്പെടുത്തി മതം മാറ്റത്തിന് പ്രതി നിര്‍ബന്ധിച്ചതോടെ പെണ്‍കുട്ടിയുടെ പിതാവ് നടക്കാവ് പോലീസിനെ സമീപിക്കുകയായിരുന്നു. ഇതില്‍ നടപടി ഇല്ലാതെ വന്നതോടെയാണ് രക്ഷിതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് സംഭവത്തില്‍ എന്‍ഐഎ അന്വേഷണം തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com