മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു; മണ്ഡലം തിരിച്ചുപിടിക്കുമെന്ന് സിപിഎം

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കുഞ്ഞമ്പുവിന്റെ പേരു മാത്രമാണ് പരിഗണനയ്ക്കു വന്നത്
മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു; മണ്ഡലം തിരിച്ചുപിടിക്കുമെന്ന് സിപിഎം

കാസര്‍ക്കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സമിതി അംഗം അഡ്വ. സിഎച്ച് കുഞ്ഞമ്പു ഇടതു മുന്നണി സ്ഥാനാര്‍ഥിയാവും. ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കുഞ്ഞമ്പുവിന്റെ പേരു മാത്രമാണ് പരിഗണനയ്ക്കു വന്നത്. 

ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെആര്‍ ജയാനന്ദ മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാവുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം ജില്ലാ നേതൃതലത്തില്‍ നടന്ന ചര്‍ച്ചകളില്‍ കുഞ്ഞമ്പുവിന്റെ കാര്യത്തില്‍ സമവായത്തില്‍ എത്തുകയായിരുന്നു. 2006ല്‍ ചെര്‍ക്കളം അബ്ദുല്ലയെ തോല്‍പ്പിച്ച് കുഞ്ഞമ്പു മഞ്ചേശ്വരത്തുനിന്ന് എംഎല്‍എയായിരുന്നു.

സിറ്റിങ് എംഎല്‍എ എന്ന നിലയില്‍ വീണ്ടും ജനവിധി തേടിയിട്ടും കഴിഞ്ഞ തവണ കുഞ്ഞമ്പു പിബി അബ്ദുല്‍ റസാക്കിനും കെ സുരേന്ദ്രനും പിന്നിലായി മൂന്നാം സ്ഥാനത്തേക്കു പോവുകയായിരുന്നു. ജയം നേടിയ അബ്ദുല്‍ റസാക്ക് 56,870 വോട്ടു നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ കെ സുരേന്ദ്രന്‍ 56,781ഉം കുഞ്ഞമ്പു 42565 വോട്ടും നേടി. 

ഇക്കുറി മണ്ഡലത്തിലെ സാഹചര്യം 2006ലേതിനു സമാനമാണെന്നാണ് സിപിഎം വിലയിരുത്തുന്നത്. അന്ന് ലീഗിലെ പടലപ്പിണക്കങ്ങളുടെ പശ്ചാത്തലത്തിലാണ്, ചെര്‍ക്കളം അബ്ദുല്ലയെ അട്ടിമറി വിജയത്തിലൂടെ പിന്നിലാക്കാന്‍ കുഞ്ഞമ്പുവിന് കഴിഞ്ഞത്. ഇത്തവണ ലീഗിലെ സാഹചര്യം സമാനമാണെന്ന് സിപിഎം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ലീിഗിലുണ്ടായ ഭിന്നത, പതിവു വിട്ടു പരസ്യ പ്രതിഷേധത്തിലെത്തിയ പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com