വട്ടിയൂര്‍ക്കാവില്‍ പിതാംബരക്കുറുപ്പ് സ്ഥാനാര്‍ത്ഥിയായേക്കില്ല; കെ മോഹന്‍കുമാറിന് സാധ്യത; കോന്നിയിലും മാറ്റം?

വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലാണ് മാറ്റം ഉണ്ടാകുക
വട്ടിയൂര്‍ക്കാവില്‍ പിതാംബരക്കുറുപ്പ് സ്ഥാനാര്‍ത്ഥിയായേക്കില്ല; കെ മോഹന്‍കുമാറിന് സാധ്യത; കോന്നിയിലും മാറ്റം?

കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍. വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലാണ് മാറ്റം ഉണ്ടാകുക. വട്ടിയൂര്‍ക്കാവില്‍ പിതാംബരക്കുറുപ്പിന് പകരം കെ മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും. കോന്നിയില്‍ റോബിന്‍ പീറ്ററിനെയും മാറ്റിയേക്കും.

വ്യാഴാഴ്ച സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറാനാണ് കെപിസിസിയുടെ തീരുമാനം. നാളെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ച നടത്തിയ ശേഷമായിരിക്കും സ്ഥാനാര്‍ത്ഥികളെ പട്ടികയില്‍ അന്തിമധാരണയിലെത്തുക. വട്ടിയുര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെ മുരളീധരനുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുക.അരൂരില്‍ അഡ്വ. എസ്. രാജേഷ്, എറണാകുളത്ത് ടി.ജെ. വിനോദും എന്നിവര്‍ സ്ഥാനാര്‍ത്ഥികളാവും. 

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയെചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായിരുന്നു. എന്‍ .പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനുമുന്നില്‍ പ്രതിഷേധവുമായി മണ്ഡലം കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും എത്തി. മണ്ഡലത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ഥിയാക്കണമെന്നും ജയസാധ്യതയുള്ളവരെ പരിഗണിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാകും മല്‍സരിക്കുകയെന്ന് കെ. മുരളീധരന്‍ ആവര്‍ത്തിച്ചു. പ്രായം ഒരുഘടകമല്ല. സാങ്കേതികമായി വടകര എം.പിയാണെങ്കിലും വട്ടിയൂര്‍ക്കാവില്‍ തുടര്‍ന്നും നിറഞ്ഞുനില്‍ക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com