'എസ്എഫ്‌ഐയെ വിജയിപ്പിക്കണം'; വോട്ടുതേടി യൂണിവേഴ്‌സിറ്റി കൊളജിലെ സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖില്‍

കെഎസ് യു, എബിവിപി, ക്യാംപസ് ഫ്രണ്ട് തുടങ്ങിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നടത്തുന്ന ആക്രമ രാഷ്ട്രീയത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്
'എസ്എഫ്‌ഐയെ വിജയിപ്പിക്കണം'; വോട്ടുതേടി യൂണിവേഴ്‌സിറ്റി കൊളജിലെ സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖില്‍

യൂണിവേഴ്‌സിറ്റി കൊളജില്‍ നടക്കുന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുതേടി എസ്എഫ്‌ഐ നേതാക്കളുടെ കുത്തേറ്റ അഖില്‍ ചന്ദ്രന്‍. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അഖില്‍ വോട്ട് അഭ്യര്‍ത്ഥിച്ചത്. കെഎസ് യു, എബിവിപി, ക്യാംപസ് ഫ്രണ്ട് തുടങ്ങിയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ നടത്തുന്ന ആക്രമ രാഷ്ട്രീയത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ഇവരുടെ ആക്രമണത്തിന് ഇരയാവുന്നത് എന്നാണ് അഖില്‍ പറയുന്നത്. യൂണിവേഴ്‌സിറ്റി കോളജില്‍ വെച്ചാണ് എസ്എഫ്‌ഐ നേതാക്കള്‍ അഖിലിനെ നെഞ്ചില്‍ കുത്തിയത്. തുടര്‍ന്ന് എസ്എഫ്‌ഐ നേതാക്കള്‍ കൊളെജ് കാമ്പസില്‍ നടത്തുന്ന അക്രമരാഷ്ട്രീയത്തെ അഖില്‍ വിമര്‍ശിച്ചിരുന്നു. 

അഖിലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് 

പ്രിയ വിദ്യാര്‍ഥി സുഹൃത്തുക്കളെ,

വിദ്യാഭ്യാസ മേഖലയില്‍ കച്ചവടവത്കരണത്തിനും കാവിവത്കരണത്തിനുമായുള്ള സംഘടിത നീക്കങ്ങള്‍ നടക്കുന്ന വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് വീണ്ടും കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ നാനാത്വം തകര്‍ക്കുന്ന, പൊതു വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കുന്ന നീക്കങ്ങള്‍ക്കെതിരെ രക്തനക്ഷത്രാങ്കിത ശുഭ്രപതാകയേന്തി വിദ്യാര്‍ഥി സമൂഹം നടത്തുന്ന പോരാട്ടങ്ങള്‍ക്കു ശക്തി പകരുവാനാണു കാലഘട്ടം ആവശ്യപ്പെടുന്നത്. ചരിത്ര നിയോഗം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിനുള്ള പ്രബുദ്ധത നമ്മള്‍ കാണിക്കേണ്ടതുണ്ട്.

കലാലയങ്ങളിലെ കെഎസ്‌യു അക്രമങ്ങളില്‍ എത്രയെത്ര സഖാക്കളുടെ ജീവനാണു പൊലിഞ്ഞത്? ജി.ഭുവനേശ്വരന്‍, സെയ്ദാലി, സി.വി.ജോസ്, ജീവച്ഛവമായിരുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ... കാവിപ്പടയുടെ നിഷ്ഠൂരമായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതും എസ്എഫ്‌ഐയുടെ ഒട്ടേറെ സഖാക്കള്‍- കെ.വി.സുധീഷ്, അജയ്, സജിന്‍ ഷാഹുല്‍... ക്യാംപസ് ഫ്രണ്ടുകാര്‍ അരുംകൊല ചെയ്ത ധീര സഖാവ് അഭിമന്യു. ക്യാംപസുകളില്‍ അരാഷ്ട്രീയവാദം വളര്‍ത്തുവാന്‍ ശ്രമിക്കുന്ന അരാജകവാദികളെയും കോര്‍പറേറ്റ്  മാധ്യമപ്പടയെയും തിരിച്ചറിയുക..
കനല്‍ ഊതിക്കെടുത്തുവാന്‍ ശ്രമിച്ചാല്‍ അത് ആളിക്കത്തും. രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും കാത്തു സൂക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ നമുക്ക് ഒറ്റക്കെട്ടായി കൈകോര്‍ക്കാം. പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല. എസ്എഫ്‌ഐയെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥി സമൂഹം പടയണി ചേരുക. സഖാക്കളെ ലാല്‍സലാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com