കയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടി ; രേണുരാജും തെറിച്ചു, സബ് കളക്ടര്‍മാര്‍ വാഴാതെ ദേവികുളം

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് പേരെയാണു മാറ്റിയത്
കയ്യേറ്റങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടി ; രേണുരാജും തെറിച്ചു, സബ് കളക്ടര്‍മാര്‍ വാഴാതെ ദേവികുളം

തിരുവനന്തപുരം : ഇടുക്കിയിലെ ഭൂമി മാഫിയക്കും കയ്യേറ്റക്കാര്‍ക്കും എതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ച ദേവികുളം സബ് കളക്ടര്‍ ഡോ. രേണുരാജും തെറിച്ചു.  ചുമതലയേറ്റെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് രേണു രാജ് സ്ഥലംമാറ്റപ്പെടുന്നത്. പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് രേണുരാജിനെ നിയമിച്ചിരിക്കുന്നത്. 

ഇടുക്കിയിലെ മുന്‍ എംപിയും ഇടതുനേതാവുമായ ജോയ്‌സ് ജോര്‍ജ്ജിന്റെയും കുടുംബത്തിന്റെയും പേരിലുള്ള കൊട്ടക്കമ്പൂരിലുള്ള ഭൂമിയുടെ പട്ടയം സബ്കളക്ടര്‍ രേണുരാജ് രണ്ടാഴ്ച മുമ്പ് റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സബ് കളക്ടര്‍ ഏതു നിമിഷവും മാറ്റപ്പെട്ടേക്കാമെന്ന അഭ്യൂഹം നിലനിന്നിരുന്നു. ദേവികുളം മേഖലയിലെ കയ്യേറ്റ മാഫിയയെക്കെതിരെ അതിശക്തമായ നിലപാടാണ് രേണു രാജ് സ്വീകരിച്ചത്.

കയ്യേറ്റക്കാര്‍ക്കെതിരെയും അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ച രേണുരാജിനെതിരെ സിപിഎം നേതാക്കള്‍ക്കിടയില്‍ ്‌വ്യാപക പരാതിയും ഉയര്‍ന്നിരുന്നു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ പേരില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എയുമായി രേണു രാജ് കൊമ്പുകോര്‍ത്തു. സബ് കളക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്ന് എസ് രാജേന്ദ്രന്‍ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. മൂന്നാര്‍ പഞ്ചായത്ത് ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സിന് രേണുരാജ് സ്റ്റോപ്പ് മെമ്മോ നല്‍കിയും ഏറെ വിവാദമായിരുന്നു. 

ജോയ്‌സ് ജോര്‍ജ്ജിന്റെ കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നടപടിയുടെ പേരില്‍ സ്ഥാനംമാറ്റപ്പെടുന്ന രണ്ടാമത്തെ സബ് കളക്ടറാണ് രേണു രാജ്. ഇപ്പോഴത്തെ സര്‍വേ ഡയറക്ടര്‍ വി ആര്‍ പ്രേംകുമാറാണ്, കൊട്ടക്കമ്പൂരില്‍ നടപടിക്ക് മുതിര്‍ന്നതിനെ തുടര്‍ന്ന് തൊട്ടുമുമ്പ് സ്ഥലംമാറ്റപ്പെട്ടത്. ഭൂമാഫിയ ശക്തമായ ദേവികുളത്ത് അഞ്ചു വര്‍ഷത്തിനിടെ 15 സബ് കലക്ടര്‍മാരാണ് വന്നു പോയത്. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് പേരെയാണു മാറ്റിയത്. സബിന്‍ സമീദ്, എന്‍ടിഎല്‍ റെഡ്ഡി, ശ്രീറാം വെങ്കിട്ടരാമന്‍, വി.ആര്‍. പ്രേംകുമാര്‍, ഡോ. രേണു രാജ് എന്നിവരാണ് ഇതുവരെ സ്ഥലംമാറ്റപ്പെട്ടവര്‍. 

മൂന്നാര്‍ ടൗണില്‍ കയ്യേറ്റം ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചു മാറ്റിയതിനു പിന്നാലെ മൂന്നാം ദിവസം സബിന്‍ സമീദിനെ സ്ഥലം മാറ്റി. ഒരു  മാസം തികച്ചു പോലും കസേരയില്‍ ഇരിക്കാന്‍ എന്‍ടിഎല്‍ റെഡ്ഡിയെ അനുവദിച്ചില്ല. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിലും കൊട്ടാക്കമ്പൂര്‍, വട്ടവട വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധനയുടെ പേരിലുമാണ്  ശ്രീറാം വെങ്കിട്ടരാമന്‍ മന്ത്രി എംഎം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ, ജോയ്‌സ് ജോര്‍ജ്ജ്  മുന്‍ എംപി,  സിപിഎം ഇടുക്കി ജില്ലാ നേതൃത്വം തുടങ്ങിയവരുടെ കണ്ണിലെ കരടായത്. തുടര്‍ന്നെത്തിയ സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാറും സ്വാധീനങ്ങള്‍ക്ക് വഴങ്ങാതായതോടെ, അധികകാലം ദേവികുളത്ത് തുടരാനായില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com