ഗെയ്റ്റ് പൊളിച്ച് പൊലീസ് പള്ളിക്കുള്ളില്‍, ബലപ്രയോഗം, അറസ്റ്റ്;  പിറവത്ത് വന്‍ സംഘര്‍ഷാവസ്ഥ

യാക്കോബായ വിശ്വാസികളുടെ ചെറുത്തുനില്‍പ്പു അവഗണിച്ച് വലിയ പള്ളിയുടെ മുഖ്യ കവാടം പൊളിച്ചുമാറ്റിയാണ് പൊലീസ് അകത്തു കടന്നത്
ടെലിവിഷന്‍ ചിത്രം
ടെലിവിഷന്‍ ചിത്രം

പിറവം: പിറവം സെന്റ് മേരീസ് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ആരാധന നടത്തുന്നതിനെ എതിര്‍ത്ത യാക്കോബായ വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ശക്തമായ ബലപ്രയോഗത്തിലൂടെ പള്ളിയുടെ ഗെയ്റ്റ് തകര്‍ത്ത് അകത്തുകടന്നാണ് പൊലീസ് നടപടി. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സംഘര്‍ഷം കനത്ത സാഹചര്യത്തില്‍ സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ അനുനയ ചര്‍ച്ചകള്‍ തുടരുകയാണ്.

യാക്കോബായ വിശ്വാസികളുടെ ചെറുത്തുനില്‍പ്പു അവഗണിച്ച് വലിയ പള്ളിയുടെ മുഖ്യ കവാടം പൊളിച്ചുമാറ്റിയാണ് പൊലീസ് അകത്തു കടന്നത്. വലിയ ഉപകരണങ്ങള്‍ എത്തിച്ച് ഗെയ്റ്റിന്റെ അഴികളും പൂട്ടും പൊലീസ് മുറിച്ചുമാറ്റുകയായിരുന്നു. യാക്കോബായ മെത്രാപൊലീത്തമാരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ ഇവരെ കീഴടക്കി.

നേരത്തെ പള്ളിയില്‍നിന്ന് ഇറങ്ങണമെന്ന പൊലീസ് നിര്‍ദേശം യാക്കോബായ വിഭാഗം തള്ളിയിരുന്നു. സ്വന്തം ഭവനത്തില്‍നിന്ന് ഇറങ്ങിപ്പോവണം എന്നു പറയുന്നതിനു തുല്യമാണ് പിറവം പള്ളിയില്‍നിന്ന് ഇറങ്ങണമെന്ന് യാക്കോബായ വിശ്വാസികളോടു പറയുന്നതെന്ന് സഭാ നേതൃത്വം. വിശ്വാസത്തിന്റെ പേരില്‍ ജയിലില്‍ പോകാനും തയാറാണെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

യാക്കോബായ വിഭാഗം വിശ്വാസപ്രാര്‍ഥനാസമരമാണ് നടത്തുന്നതെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. വിശ്വാസി സമൂഹത്തിന്റെ വേദന നീതിപീഠം കാണാതിരിക്കരുത്. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പരിമിതി ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധി അനുസരിച്ച് പിറവം സെന്റ് മേരീസ് പള്ളിയില്‍ (വലിയ പള്ളി) ആരാധന നടത്താന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പൊലീസ് സുരക്ഷ തേടിയിരുന്നു. സുരക്ഷ ഒരുക്കാമെന്ന പൊലീസ് ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് സംഘം ഇന്നലെ പള്ളയിിലെത്തിയിരുന്നു. എന്നാല്‍ ശ്രേഷ്ഠ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ വിഭാഗം ചെറുത്തതോടെ ഓര്‍ത്തഡോക്‌സുകാര്‍ക്കു പള്ളയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. ഇതിനെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു തടസം നില്‍ക്കുന്ന എല്ലാവരെയും അറസ്റ്റ്‌ചെയ്തു നീക്കാനാണ് ഹൈക്കോടതി പൊലീസിനു നിര്‍ദേശം നല്‍കിയത്. ശ്രേഷ്ഠ ബാവയുടെയും മെത്രാപൊലീത്തമാരുടെയും നേതൃത്വത്തില്‍ ഒട്ടേറെ യാക്കോബായ സഭാ വിശ്വാസികള്‍ പള്ളിയിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com