പിറവം പള്ളിത്തര്‍ക്കം; നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ

പിറവം പളളി ജില്ലാ ഭരണകൂടം ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് നാളെ പിറവത്ത് ഹര്‍ത്താല്‍
പിറവം പള്ളിത്തര്‍ക്കം; നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യാക്കോബായ സഭ

കോട്ടയം: ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പളളി ജില്ലാ ഭരണകൂടം ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് നാളെ പിറവത്ത് ഹര്‍ത്താല്‍. യാക്കോബായ സഭയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.  രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍

വിശ്വാസികളുടെ പ്രതിഷേധത്തിനിടെയുണ്ടായ  ഹൈക്കോടതി ഉത്തരവ് ബലപ്രയോഗവും നയപരമായ നീക്കവും നടത്തിയാണ് ജില്ലാഭരണകൂടം നടപ്പാക്കിയതെന്നാണ് യാക്കോബായ സഭ പറയുന്നത്. വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് യാക്കോബായ സഭയും ആരാധനയ്ക്ക് അവസരം ലഭിച്ചാലെ വിധി പൂര്‍ണമാകൂവെന്ന് ഓര്‍ത്തഡോക്‌സ് സഭയും പ്രതികരിച്ചു.

കനത്ത പ്രതിഷേധത്തിനും  വൈകാരിക പ്രകടനങ്ങള്‍ക്കും നടുവിലാണ് പിറവം പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തത്. കോടതി ഉത്തരവിന് പിന്നാലെ പൊലീസ് പള്ളിക്കകത്ത് കടന്ന് ശ്രേഷ്ഠ ബാവയുള്‍പ്പടെയുള്ളവരെ വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് അറിയിച്ചു. അനുകൂല പ്രതികരണം വൈകിയതോടെ പൊലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നു. ഇതിനിടെ പ്രകോപിതരാകരുതെന്നും ആദ്യം അറസ്റ്റുവരിക്കുക മെത്രാപ്പോലീത്തമാരായിരിക്കുമെന്നും പ്രഖ്യാപനമുണ്ടായി.

പക്ഷെ വിശ്വാസികളുടെ പ്രതിഷേധത്തിന് നടുവില്‍ നയപരമായ നീക്കങ്ങള്‍ പാളീയതോടെ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പള്ളി ഗേറ്റ് പൊളിച്ചു.  ബലപ്രയോഗത്തിലൂടെ അറസ്റ്റ് തുടങ്ങുന്നതിനിടെ ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി. കലക്ടര്‍ ശ്രേഷ്ഠ ബാവയുള്‍പ്പടെയുള്ളവരെ കണ്ട് നയപരമായ നീക്കം വീണ്ടും നടത്തിയതോടെ മെത്രാപ്പോലീത്തമാര്‍ അടക്കം അറസ്റ്റുവരിച്ചു. അകത്തുള്ളവരെ പൂര്‍ണമായി ഒഴിപ്പിച്ച്  പളളിയുടെ നിയന്ത്രണം എറണാകുളം കലക്ടര്‍ ഏറ്റെടുത്തു.

കോടതി വിധിപ്രകാരം ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ക്ക് പിറവം പളളിയില്‍ ആരാധനയ്ക്ക് സൗകര്യമൊരുക്കുന്നതില്‍ നിയമോപദേശം തേടിയശേഷം തുടര്‍നടപടി എടുക്കുമെന്നും കലക്ടര്‍ അറിയിച്ചു. എന്നാല്‍ അപ്പോള്‍ മാത്രമേ വിധിയില്‍ പൂര്‍ണതൃപ്തിയുണ്ടാകൂവെന്ന് ഓര്‍ത്തഡോക്‌സ് സഭ പ്രതികരിച്ചു.ഇതിനിടെയാണ് അറസ്റ്റുവരിച്ച യാക്കോബായ സഭ മെത്രാപ്പോലീത്തമാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com