മരട് ഫ്‌ലാറ്റ്: നിര്‍മ്മാണ കമ്പനികള്‍ക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന്

കമ്പനി ഉടമകളെ കൂടാതെ അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
മരട് ഫ്‌ലാറ്റ്: നിര്‍മ്മാണ കമ്പനികള്‍ക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന്

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ലാറ്റ് നിര്‍മ്മാണ കമ്പനികള്‍ക്കെതിരെയുള്ള കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് ഫ്‌ലാറ്റ് നിര്‍മ്മാണ കമ്പനിക്കെതിരെ ഇന്നലെ ക്രിമിനല്‍ കേസെടുത്തത്. ഈ കേസ് പ്രത്യേക സംഘം അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടു. 

വഞ്ചന, നിയമലംഘനം മറച്ചുവച്ചുള്ള വില്‍പ്പന എന്നീ കുറ്റങ്ങള്‍ക്കാണ് മരട് ഫ്‌ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആല്‍ഫാ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത്, ജെയിന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ നിര്‍മ്മാണക്കമ്പനികളുടെ ഉടമകളാണ് കേസിലെ പ്രതികള്‍. 

കമ്പനി ഉടമകളെ കൂടാതെ അനധികൃത നിര്‍മ്മാണത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം കൈമാറാനാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, തീരദേശസംരക്ഷണനിയമം ലംഘിച്ചു കൊണ്ട് നിര്‍മ്മിച്ച മരടിലെ നാല് ഫ്‌ലാറ്റുകളും പൊളിച്ചു കളയാനുള്ള ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയ്യാറാക്കി. മരട് ഫ്‌ലാറ്റുകളിലെ കുടിയൊഴിപ്പിക്കല്‍ ഞായറാഴ്ച തുടങ്ങും. ഇതിന് മുന്നോടിയായി ഫ്‌ലാറ്റുകളിലേക്കുള്ള വൈദ്യുതിബന്ധം സര്‍ക്കാര്‍ വിച്ഛേദിച്ചു. ഫ്‌ലാറ്റുടമകളുടേയും താമസക്കാരുടേയും ശക്തമായ എതിര്‍പ്പിനെയും അവഗണിച്ചാണ് ഫ്‌ലാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത്. ജലവിതരണവും തടസപ്പെടുത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com