വട്ടിയൂര്‍ക്കാവില്‍ കുമ്മനം;  മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍; പട്ടിക കൈമാറി; പ്രഖ്യാപനം നാളെ

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും, കോന്നിയില്‍ ശോഭാ സുരേന്ദ്രനും സ്ഥാനാര്‍ഥിയായേക്കും
വട്ടിയൂര്‍ക്കാവില്‍ കുമ്മനം;  മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, കോന്നിയില്‍ ശോഭാ സുരേന്ദ്രന്‍; പട്ടിക കൈമാറി; പ്രഖ്യാപനം നാളെ

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും, കോന്നിയില്‍ ശോഭാ സുരേന്ദ്രനും സ്ഥാനാര്‍ഥിയായേക്കും. സംസ്ഥാനസമിതി ദേശീയ നേതൃത്വത്തിനയച്ച പട്ടികയില്‍ ഇവര്‍ക്കാണ് മുന്‍തൂക്കം. നിയമസഭാ തെരഞ്ഞടുപ്പിന് മുന്‍പായി നടക്കുന്ന തെരഞ്ഞടുപ്പായതുകൊണ്ട് വിജയസാധ്യതയുള്ളവര്‍ തന്നെ മത്സരിക്കണമെന്നതാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും.

മത്സരിക്കാന്‍ താത്പര്യമില്ലെന്നറിയിച്ച നേതാക്കള്‍ക്കെതിരെ ഇന്ന് ചേര്‍ന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. നേതാക്കളല്ല പാര്‍ട്ടിയാണ് പ്രധാനം എന്നായിരുന്നു ശ്രീധരന്‍പിളളയുടെ വാക്കുകള്‍. അരൂരില്‍ ഘടകക്ഷിക്ക് നല്‍കിയ സീറ്റായതിനാല്‍ സ്ഥാനാര്‍ത്ഥിയെ ബിഡിജെഎസ് തന്നെ തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ബിജെപി. എറണാകുളത്ത് പുതുമുഖത്തെ മത്സരത്തിനിറക്കി മണ്ഡലത്തില്‍ പിടിമുറുക്കാനാണ് പാര്‍ട്ടി തീരുമാനം. അതേസമയം എഎന്‍ രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കുന്നതാണ് ഗുണം ചെയ്യുകയെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. 

തെരഞ്ഞെടുപ്പില്‍ ശബരിമല തന്നെ മുഖ്യപ്രചാരണവിഷയമാക്കാനാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന ഭാരവാഹിയോഗത്തിന്റെ തീരുമാനം. അതോടൊപ്പം മോദിയുടെ ഭരണനേട്ടങ്ങളും പ്രചാരണത്തില്‍ മുഖ്യവിഷയമാകും. 

വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ തന്നെ മത്സരിക്കണമെന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇക്കാര്യം  സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും മുതിര്‍ന്ന നേതാക്കള്‍ അടക്കം ആവശ്യപ്പെട്ടു. എന്നാല്‍, മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു കുമ്മനം. ആര്‍എസ്എസ് വഴി കുമ്മനത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്.

മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ്, കോന്നി എന്നീ മണ്ഡലങ്ങളിലാണു ബിജെപി പ്രതീക്ഷവയ്ക്കുന്നത്. മൂന്നിടത്തും മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ സാധിച്ചാല്‍ വിജയിക്കാന്‍ കഴിയുമെന്നു ബിജെപി കണക്കുകൂട്ടുന്നു. കുമ്മനം രാജശേഖരന്‍ മത്സരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നാല്‍ എം.ടി. രമേശിനെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനും ബിജെപി നീക്കം നടത്തുന്നുണ്ട്.

കോന്നിയില്‍ കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരെയാണു പരിഗണിക്കുന്നത്. മഞ്ചേശ്വരത്തു ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ പൊതുവ്യക്തിയെ കണ്ടെത്താനാണു നീക്കം. കോന്നിയിലോ മഞ്ചേശ്വരത്തോ കെ. സുരേന്ദ്രന്‍ മത്സരിക്കണമെന്നു ബിജെപി സംസ്ഥാന സമിതിയില്‍ ആവശ്യമുയര്‍ന്നു. എന്നാല്‍, മത്സരിക്കാനില്ലെന്നു സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com