92 ലക്ഷം രൂപയുടെ പദ്ധതിയില്‍ 46 ലക്ഷത്തിന്റെ അഴിമതി; പാലക്കയംതട്ട്‌ സര്‍ക്യൂട്ട് പദ്ധതിയില്‍ വിജിലന്‍സിന്റെ കണ്ടെത്തല്‍

ഇവിടെ സ്ഥാപിച്ച സോളാര്‍ വിളക്ക് ഒന്നിന് 1,18000 രൂപ ചെലവായെന്നാണ് കണക്ക്. ഇങ്ങനെ സ്ഥാപിച്ചത് 35 വിളക്കുകള്‍
92 ലക്ഷം രൂപയുടെ പദ്ധതിയില്‍ 46 ലക്ഷത്തിന്റെ അഴിമതി; പാലക്കയംതട്ട്‌ സര്‍ക്യൂട്ട് പദ്ധതിയില്‍ വിജിലന്‍സിന്റെ കണ്ടെത്തല്‍

കണ്ണൂര്‍: 92 ലക്ഷം രൂപ ചെലവിട്ട പദ്ധതിയില്‍ 46 ലക്ഷം രൂപയുടെ അഴിമതി. പാലക്കയംതട്ടിലെ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയിലാണ് അഴിമതി വിജിലന്‍സ് കണ്ടെത്തിയത്. രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി.

പലക്കയംതട്ട് മലയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വ്യൂ പോയിന്റും പാര്‍ക്കും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ചിരുന്നു. ഈ പദ്ധതിയിലാണ് അഴിമതി കണ്ടെത്തിയത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറി, പദ്ധതിക്ക് രൂപം നല്‍കിയ ആര്‍ക്കിടെക്റ്റ്, കരാറെടുത്ത എഫ്ആര്‍ബിഎല്‍ എന്ന സ്ഥാപനത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരാണ് പ്രതികള്‍. 

2.70 കോടി രൂപയുടെ എസ്റ്റിമേറ്റാണ് പദ്ധതിക്കായി സര്‍ക്കാരിന് സമര്‍പ്പിച്ചത്. 1 കോടിയുടെ പദ്ധതിക്ക് ടൂറിസം വകുപ്പ് അനുമതി നല്‍കി. നടത്തിപ്പ് ചുമതല എഫ്ആര്‍ബിഎല്‍ ഏറ്റെടുക്കുകയും തിരുവനന്തപുത്തെ സ്ഥാപനത്തിന് ഉപകരാര്‍ നല്‍കുകയും ചെയ്തു. സോളാര്‍ വിളക്കുകയും ഗാര്‍ഡന്‍ ബെഞ്ചുകളുമായി പ്രധാനമായും ഇവിടെ സ്ഥാപിച്ചത്. 

ഇവിടെ സ്ഥാപിച്ച സോളാര്‍ വിളക്ക് ഒന്നിന് 1,18000 രൂപ ചെലവായെന്നാണ് കണക്ക്. ഇങ്ങനെ സ്ഥാപിച്ചത് 35 വിളക്കുകള്‍. എന്നാല്‍ ഇവിടെ വിളക്കുകള്‍ സ്ഥാപിക്കുന്നതിന് നാല് മാസം മുന്‍പ് വെള്ളിക്കീലില്‍ ഡിടിപിസി സോളാര്‍ വിളക്ക് സ്ഥാപിക്കാന്‍ അനര്‍ട്ടിനെ ഏല്‍പ്പിച്ചപ്പോള്‍ വിളക്കൊന്നിന് 48000 രൂപയാണ് ആയത്. സര്‍ക്കാര്‍ സബ്‌സിഡി കൂടി ലഭിച്ചപ്പോള്‍ ചെലവായത് 18000 രൂപ. 45 വാട്‌സിന്റെ വിളക്കാണ് വെള്ളിക്കീലില്‍ വെച്ചത്. പാലക്കയം തട്ടില്‍ വെച്ചത് 35 വാട്‌സിന്റേയും. 

15 ഗാര്‍ഡന്‍ ബെഞ്ചുകള്‍ 80000 രൂപ ചെലവിലാണ് ഇവിടെ വെച്ചത്. 15000 രൂപയ്ക്ക് സ്ഥാപിക്കാമായിരുന്ന ബെഞ്ചുകളായിരുന്നു അവ. 2016ലാണ് പദ്ധതി പൂര്‍ത്തിയായത്. 2017 ഫെബ്രുവരിയിലാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com