ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്ന ജനവിധി : മുഖ്യമന്ത്രി

പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി
ഇടതു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്ന ജനവിധി : മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു സര്‍ക്കാരിന്റെ സുസ്ഥിരവികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമായി മുമ്പോട്ടുകൊണ്ടുപോകാന്‍ കരുത്തുപകരുന്നതാണ് ജനവിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

പാലായിൽ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിന്റെ ടോം ജോസിനെ അട്ടിമറിച്ചാണ് മാണി സി.കാപ്പന്‍ വിജയിച്ചത്. 54137 വോട്ടുകള്‍ മാണി സി കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ടോം ജോസിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

യുഡിഎഫിന്റെ എല്ലാ ശക്തികേന്ദ്രങ്ങളേയും നിഷ്പ്രഭമാക്കിയാണ് വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കാപ്പന്‍ മുന്നേറിയത്.1965മുതല്‍ അഞ്ചു പതിറ്റാണ്ട് കെഎം മാണിയിലൂടെ യുഡിഎഫിനൊപ്പം നടന്ന പാലാ മണ്ഡലത്തെയാണ് മാണി സി കാപ്പൻ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചത്. 

സിക്സറടിക്കുമെന്ന് പറ‍ഞ്ഞവർക്ക് ആദ്യ വിക്കറ്റ് പോയെന്ന്, മാണി സി കാപ്പന്റെ വിജയത്തിൽ പ്രതികരിക്കവെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരിഹസിച്ചിരുന്നു. പോയത് മോശം വിക്കറ്റല്ല. 54 കൊല്ലം കയ്യിലിരുന്ന പാലയാണ്. വിജയം ഇടതുപക്ഷത്തിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ്. സർക്കാർ നേട്ടങ്ങൾ മാത്രമാണ് ഇടതുമുന്നണി പ്രചരിപ്പിച്ചതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിക്സറടിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com