'ഒത്തുപോകാന്‍ വയ്യെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കണം' ; നിലപാട് കടുപ്പിച്ച് കെ മുരളീധരന്‍ ; യുഡിഎഫിലും കടുത്ത അതൃപ്തി

മുന്നണിക്കുള്ളില്‍ പാര്‍ട്ടികള്‍ തമ്മില്‍ മല്‍സരം പാടില്ലെന്ന് പാല പഠിപ്പിച്ചുവെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍
'ഒത്തുപോകാന്‍ വയ്യെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കണം' ; നിലപാട് കടുപ്പിച്ച് കെ മുരളീധരന്‍ ; യുഡിഎഫിലും കടുത്ത അതൃപ്തി

തിരുവനന്തപുരം : പാല ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍ എംപി. ജോസഫും ജോസ് കെ മാണിയും തമ്മിലടി നിര്‍ത്തണം. യോജിപ്പില്ലെങ്കില്‍ കേരള കേരള കോണ്‍ഗ്രസിനെ പുറത്താക്കേണ്ടി വരും. പാലായിലേത് കെ എം മാണിയുടെ ആത്മാവിന് മുറിവേല്‍പ്പിക്കുന്ന ജനവിധിയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം കേരള കോണ്‍ഗ്രസിനാണ്, യുഡിഎഫിനല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. 

പാലായിലെ ജനങ്ങള്‍ മണ്ടന്മാരല്ലെന്ന് തിരിച്ചറിയണം. കേരള കോണ്‍ഗ്രസിലെ തമ്മില്‍ തല്ലാണ് തോല്‍വിക്ക് പ്രധാന കാരണം. ഒത്തുപോകാന്‍ വയ്യെങ്കില്‍ മുന്നണിയില്‍ നിന്ന് പുറത്താക്കണം. തെരഞ്ഞെടുപ്പ് ദിവസം ജോയി എബ്രഹാമിന്റെ പ്രസ്താവന യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ദോഷം ചെയ്തുവെന്നും മുരളീധരന്‍ പറഞ്ഞു. 

ഇരന്നു വാങ്ങിയ തോല്‍വിയാണിതെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. കേരള കോണ്‍ഗ്രസിലെ തര്‍ക്കമാണ് തോല്‍വിക്ക് കാരണമെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദികള്‍ കേരള കോണ്‍ഗ്രസാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഘടകകക്ഷി എന്ന നിലയില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ മനോനില മാറണമെന്ന് വി എം സുധീരനും ആവശ്യപ്പെട്ടു. 

പാലായില്‍ ജയിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. വോട്ടുചോര്‍ച്ചയുണ്ടായത് കോണ്‍ഗ്രസില്‍ നിന്നാണോ, കേരള കോണ്‍ഗ്രസില്‍ നിന്നാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മല്‍സരം മുന്നണികല്‍ തമ്മിലാണ്. മുന്നണിക്കുള്ളില്‍ പാര്‍ട്ടികള്‍ തമ്മില്‍ മല്‍സരം പാടില്ലെന്ന് പാല പഠിപ്പിച്ചുവെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com