കൊച്ചി നഗരത്തില്‍ 'ബോംബ്'; പരിഭ്രാന്തി പരത്തി ഡ്രോണ്‍ പറക്കല്‍, മണിക്കൂറുകള്‍ നീണ്ട ആശങ്ക

നഗരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വസ്തു പൊലീസിനെയും ജനങ്ങളെയും ആശങ്കയിലാക്കി.
കൊച്ചി നഗരത്തില്‍ 'ബോംബ്'; പരിഭ്രാന്തി പരത്തി ഡ്രോണ്‍ പറക്കല്‍, മണിക്കൂറുകള്‍ നീണ്ട ആശങ്ക

കൊച്ചി: നഗരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വസ്തു പൊലീസിനെയും ജനങ്ങളെയും ആശങ്കയിലാക്കി. കളമശേരി കെഎസ്ഇബി ഓഫീസിന് സമീപം കണ്ടെത്തിയ ഗ്രനേഡിനോട് സാമ്യം തോന്നുന്ന വസ്തുവാണ് ആശങ്ക പരത്തിയത്. പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ ഇത് എന്താണെന്ന് വ്യക്തമായില്ല. ഒടുവില്‍ പൊട്ടിച്ച് കളഞ്ഞ് ആശങ്ക ഒഴിവാക്കി. 

ഇക്കഴിഞ്ഞ 17ന്  കെഎസ്ഇബി ജീവനക്കാരിയായ സീനയുടെ മക്കള്‍ ക്വാട്ടേഴ്‌സിനു സമീപം കളിച്ചു കൊണ്ടിരിക്കെയാണ് ഇത് കിട്ടിയത്. മക്കള്‍ ഇതുപയോഗിച്ച് കളിക്കുന്നതിനിടെ വഴക്കിടുന്നത് കണ്ട് എത്തിയ സീന ഉപകരണം വാങ്ങി വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഓഫീല്‍ എത്തിയ സീന, രണ്ടു ദിവസമായി കെഎസ്ഇബി ക്വാട്ടേഴ്‌സിനു മുകളിലൂടെ ഡ്രോണ്‍ പറക്കുന്നുണ്ടന്നത് സംബന്ധിച്ച് മറ്റു ജീവനക്കാര്‍ ചര്‍ച്ച ചെയ്യുന്നത് കേട്ടതോടെയാണ്, തന്റെ വീട്ടില്‍ മക്കള്‍ക്ക് ഗ്രനേഡിന്റെ രൂപത്തിലുള്ള ഒരു വസ്തു കിട്ടിയ വിവരം ഓഫീസില്‍ അറിയിച്ചത്.

തുടര്‍ന്ന് ജീവനക്കാര്‍ കളമശേരി പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം  മെറ്റല്‍ ബോഡിയുള്ള ഉപകരണം പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ബോംബ് സ്‌ക്വാഡിനെയും ഡോഗ് സ്‌ക്വാഡിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് നടന്ന പരിശോധനയില്‍  ഗ്രനേഡ് മോഡലിലുള്ള ചൈനീസ് ലൈറ്ററാണെന്ന് മനസിലായി. പിന്നാലെ സ്‌ഫോടനം നടത്തി ഉപകരണം നിര്‍വീര്യമാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com